തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേള ഓഗസ്റ്റ് 2 മുതൽ 27 വരെ നടക്കും. മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ്, സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യം എന്നിവ ലഭിക്കും.
ചുരുങ്ങിയത് 1000 രൂപയുടെ സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുത്ത് ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഓരോ പവൻ വീതവും നൽകും. ഖാദി ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് രണ്ടിന് വൈകീട്ട് മൂന്നുമണിക്ക് വ്യവസായ മന്ത്രി രാജീവ് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കുമെന്ന് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത്തവണ ഓണത്തിന് ‘പാപ്പീലിയോ’ എന്ന ബ്രാൻഡ് നെയിമിൽ ഉള്ള ഡിസൈനർ വസ്ത്രങ്ങളാണ് മുഖ്യ ആകർഷണം.
കോട്ടൺ, സിൽക്ക്, ഖാദി പോളി വസ്ത്രം, വുളൻ ഖാദി തുടങ്ങിയ വിവിധ നൂലുകളിൽ ചുരിദാർ ടോപ്പുകൾ, ഷർട്ടുകൾ, കുഞ്ഞുടുപ്പുകൾ, കുർത്തകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ‘കേരള സ്‌പൈസസ്’ എന്ന പേരിൽ ഖാദി ബോർഡ് പുറത്തിറക്കുന്ന സുഗന്ധവ്യഞ്ജന സാധനങ്ങളുടെ വിതരണം ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. പുതുതലമുറ ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പ്രചാരണം വർധിപ്പിക്കാനായി ഓഗസ്റ്റ് 22ന് എറണാകുളത്ത് ഫാഷൻ ഷോ സംഘടിപ്പിക്കും. ദുബായിലേക്കും ഇറ്റലിയിലേക്കും ഖാദി വസ്ത്രങ്ങൾ കയറ്റി അയക്കുന്നതിന്റെ പ്രാരംഭ ചർച്ച നടക്കുകയാണെന്ന് ജയരാജൻ പറഞ്ഞു.
ഇറ്റലിയുടെ പ്രതിനിധി ആലപ്പുഴ റെഡിമെയ്ഡ് യൂണിറ്റ് സന്ദർശിച്ചിരുന്നു. സ്ലൈവർ ദൗർലഭ്യം ഒഴിവാക്കാൻ പയ്യന്നൂർ ഏറ്റുകുടുക്കയിൽ ആധുനിക സ്ലൈവർ പ്ലാൻ ഉടൻ ആരംഭിക്കും. ജയിൽ അന്തേവാസികൾക്ക് തൊഴിൽ നൽകുന്നതിന് നൂൽപ്പ് നെയ്ത്ത് യൂണിറ്റുകൾ ആരംഭിക്കാൻ ജയിൽ അധികൃതരുമായി ധാരണാപത്രം ഒപ്പിട്ടു. ഖാദി ഷോറൂമുകൾ നവീകരിക്കുന്ന പ്രക്രിയയിൽ ആദ്യപടിയായി തിരുവനന്തപുരം വഞ്ചിയൂരിൽ ആരംഭിച്ച ഷോറൂമിൽ ഉപഭോക്താവിന്റെ ഇഷ്ടമനുസരിച്ച് വസ്ത്രം തുന്നാനും ലോൺട്രി സൗകര്യം വേണ്ടവർക്ക് അതും ലഭ്യമാക്കുന്നു. എറണാകുളം, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിൽ ആധുനിക ഷോറൂമുകൾ ഒരുങ്ങുകയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഖാദി വസ്ത്രങ്ങൾ ഓൺലൈൻ വിപണികളിൽ ലഭ്യമാക്കുമെന്ന് മന്ത്രി പി രാജീവ്
സഹകരണസംഘങ്ങളുമായി ചേർന്ന് ഖാദി കോർണർ എന്ന പേരിൽ വിൽപന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂർ ചിറ്റാട്ടുകര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആദ്യത്തെ ഷോറൂം ഓഗസ്റ്റ് എട്ടിന് ഉദ്ഘാടനം ചെയ്യും. ബോർഡ് വഴി വായ്പയെടുത്ത സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഖാദി ഷോറൂം വഴി വിൽപ്പന നടത്തുമെന്നും വൈസ് ചെയർമാൻ പറഞ്ഞു. കൂടാതെ ആയുർവേദ ഉൽപ്പന്നങ്ങൾ, ക്യാരിബാഗ്, തേൻ, ചെറുതേൻ, മരചക്കിൽ ആട്ടിയ നല്ലെണ്ണ, ഓർഗാനിക് സോപ്പുകൾ, കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയും ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തും. ഇതിന്റെ ഭാഗമായി പാപ്പനംകോട് കൗൺസിൽ ഫോർ ഇൻഡസ്ട്രിയൽ റിസർച്ചുമായും(CIR) കോഴിക്കോട് മർകസിലെ നോളജ് സിറ്റിയുമായും ഖാദിബോർഡ് ബുധനാഴ്ച ധാരണാപത്രം ഒപ്പിട്ടു.
പ്രകൃതിയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സാങ്കേതിക പിന്തുണയാണ് സി.ഐ.ആർ നൽകുക. നോളജ് സിറ്റിയിൽ വനിതകൾക്കായി വീവിങ് യൂണിറ്റാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്. ഖാദി ബോർഡ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വ്യാജ ഖാദി ആണെന്നും ഇതിനെതിരെ ‘കേരള ഖാദി’ എന്ന ലോഗോ പുറത്തിറക്കിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഖാദിബോർഡ് മെമ്പർമാരായ കെ. എസ്. രമേശ് ബാബു, സാജൻ തോമസ്, സോണി കോമത്ത്(ഖാദി വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ്) സെക്രട്ടറി കെ. എ. രതീഷ് തുടങ്ങിയവർ പങ്കെടുത്തു.