ബാങ്കിൽ നിന്ന് ലഭ്യമാകുന്ന വായ്പ, നിക്ഷേപ പദ്ധതികൾ, ഇൻഷുറൻസ് എന്നിവയെല്ലാം പോസ്റ്റ് ഓഫീസിലൂടെയും ലഭ്യമാണ്. സാധാരണക്കാരന് താങ്ങാനാവുന്ന വായ്പകൾ ലഭിക്കുന്നതും നിക്ഷേപ പദ്ധതികളിൽ ബാങ്ക് അക്കൗണ്ടുകളേക്കാൾ പലിശ നൽകുന്നുവെന്നതും പോസ്റ്റ് ഓഫീസ് പദ്ധതിയുടെ സവിശേഷതകളാണ്. എന്നാൽ, പോസ്റ്റ് ഓഫീസുകളിലെ ഇത്തരം മികച്ച സേവനങ്ങളെ കുറിച്ച് പലർക്കും വ്യക്തമായ അറിവില്ല. ഇത്തരം പദ്ധതികളുടെ ഭാഗമായവർക്കാവട്ടെ ഇപ്പോഴും നിരവധി സംശയങ്ങളുണ്ട്.
ഇതിന് തപാൽ വകുപ്പ് തന്നെ വ്യക്തത നൽകിയിരിക്കുകയാണ്. നിക്ഷേപകരുടെ സംശയങ്ങൾ സാധൂകരിക്കുന്ന രീതിയിലാണ് ഈ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള തട്ടിപ്പുകളെ ഒഴിവാക്കുന്നതിനും നിക്ഷേപകരുടെ പണം സുരക്ഷിതമാക്കുന്നതിനുമായി ഈ മാർഗനിർദേശങ്ങൾ പെട്ടെന്ന് തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് തപാൽ വകുപ്പ് പുറത്തുവിട്ടിട്ടുള്ള പ്രസ്താവനയിൽ പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം
കൂടുതൽ സുരക്ഷിതമായി നിങ്ങളുടെ നിക്ഷേപ ഇടപാടുകൾ സുഗമമാക്കുന്നതിനായി മൊബൈൽ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം.
എല്ലാ പോസ്റ്റ് ഓഫീസ് പണമിടപാടുകൾക്കും മൊബൈൽ നമ്പറും പാൻ നമ്പറും ബന്ധിപ്പിക്കണമെന്ന് അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ ആവശ്യപ്പെടാറുണ്ട്. കാരണം, നിക്ഷേപത്തിനും, പണം പിൻവലിക്കുന്നതിനും, വായ്പ തിരിച്ചടവ് അല്ലെങ്കിൽ അക്കൗണ്ട് അടച്ചുപൂട്ടൽ തുടങ്ങിയ സിബിഎസ് പോസ്റ്റ് ഓഫീസിലെ ഇടപാടുകൾക്കും ഉപഭോക്താവിന്റെ മൊബൈൽ നമ്പർ പരിശോധിച്ച് സ്ഥിരീകരണം നടത്തുകയാണ് ചെയ്യുന്നത്.
അക്കൗണ്ട് തുറക്കുമ്പോൾ മൊബൈൽ നമ്പർ നൽകിയിട്ടില്ലെങ്കിൽ, അത് ഉടനെ തന്നെ അപ്ഡേറ്റ് ചെയ്യുക. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാവട്ടെ പാൻ കാർഡ് ബന്ധിപ്പിക്കുന്നതും കൂടുതൽ സുരക്ഷിതമാണ്. 20,000 രൂപയ്ക്കും അതിന് മുകളിലുള്ള ഇടപാടുകൾക്കും അക്കൗണ്ട് ഉടമയുടെ മൊബൈൽ നമ്പർ നിർബന്ധമാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പാൻ നമ്പർ സമർപ്പിക്കണം. അക്കൗണ്ട് തുടങ്ങി ആറ് മാസത്തിനുള്ളിലാണ് പാൻ കാർഡിന്റെ രേഖകൾ സമർപ്പിക്കേണ്ടത്. നിങ്ങളിനിയും മൊബൈൽ/പാൻ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ എന്ത് ചെയ്യണമെന്നതാണ് താഴെ വിവരിക്കുന്നത്.
മൊബൈൽ നമ്പർ ബന്ധിപ്പിക്കുന്നതിന് (To Link Mobile Number With Account)
അക്കൗണ്ട് ഉടമയിൽ നിന്നും അംഗീകൃത വ്യക്തിയിൽ നിന്നും വൗച്ചറിലെ കൗണ്ടർ പിഎ വഴി മൊബൈൽ നമ്പർ വാങ്ങണം. പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ കെവൈസി നടത്തിയിട്ടില്ലെങ്കിൽ അതിനും പുതിയ നിർദേശങ്ങളുണ്ട്. ഇതനുസരിച്ച് അക്കൗണ്ട് ഉടമയിൽ നിന്ന് കെവൈസി രേഖ ലഭിക്കുന്നതാണ്.
പാൻ കാർഡും സമാന രീതിയിൽ ചെയ്യുക. പാൻ കാർഡ് ഇല്ലാത്തവർക്ക്, ആദായനികുതി നിയമപ്രകാരം നിർദേശിച്ചിട്ടുള്ള ഫോം 60/61 പ്രയോജനപ്പെടുത്താവുന്നതാണ്.
മൊബൈൽ നമ്പർ മാറ്റാനും സംവിധാനം
പോസ്റ്റ് ഓഫീസ് സ്കീമിൽ നിക്ഷേപം നടത്തുന്നവർ അക്കൗണ്ട് തുറക്കുമ്പോൾ നൽകിയ നമ്പരിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനും സൗകര്യമുണ്ട്. അതായത്, മൊബൈൽ നമ്പർ മാറ്റാനായി നിക്ഷേപകനിൽ നിന്ന് ഒരു പ്രത്യേക രേഖാമൂലമുള്ള അപേക്ഷ നേടാവുന്നതാണ്. നിക്ഷേപകന്റെ ഒപ്പും മറ്റ് വിവരങ്ങളും ഇതിനായി സമർപ്പിക്കേണ്ടതായുണ്ട്. കൗണ്ടർ പിഎ മുഖേന സിഎംആർസിയ്ക്കായി അപേക്ഷിച്ച് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യണം. മേലധികാരികൾ ഇത് പരിശോധിപ്പിച്ച് ഉറപ്പിച്ച ശേഷം ഈ പ്രക്രിയ പൂർത്തീകരിക്കും.