തലസ്ഥാനത്തെ കർഷകർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിന് വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ഫാർമർ നോളെഡ്ജ് സെന്റർ ആരംഭിക്കുന്നു. തിരുവനന്തപുരം ആനയറ മൊത്തവ്യാപാര വിപണിയിൽ നിർമ്മിക്കുന്ന നോളെഡ്ജ് സെന്ററിന്റെ ശിലാസ്ഥാപന കർമ്മം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു.
പ്രകൃതിക്ക് അനുയോജ്യമായ കൃഷിരീതികൾ, ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവ്, സംശയനിവാരണം, മാതൃകകൃഷിരീതികളുടെ പ്രദർശനം, പ്രായോഗിക പരിശീലനങ്ങൾക്കുള്ള അവസരങ്ങൾ എന്നിവ നഗരത്തിലും ഗ്രാമത്തിലുമുള്ള ചെറുകിട കർഷകർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സെന്റർ സ്ഥാപിക്കുന്നത്. 80 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി ചെലവഴിക്കുന്നത്.മൊത്ത വ്യാപാര വിപണി പരിസരത്തുള്ള കൃഷി ബിസിനസ്സ് കേന്ദ്രത്തോട് ചേർന്നാണ് നോളെഡ്ജ് സെന്റർ പ്രവർത്തിക്കുക. പച്ചക്കറി, ഫലവൃക്ഷത്തൈകൾ, വിത്തുകൾ, ജൈവകീടനാശിനികൾ, കാർഷികോപകരണങ്ങൾ, ഗ്രോബാഗുകൾ എന്നിവ ഇവിടെ നിന്നു ലഭിക്കും. ഒപ്പം നോളെഡ്ജ് സെന്റർ കൂടി യാഥാർത്ഥ്യമാകുന്നതോടെ കർഷകർക്ക് ആവശ്യമായ വിവരങ്ങളും ലഭിക്കും.
തലസ്ഥാനത്ത് കട്ട് വെജിറ്റബിൾ യൂണിറ്റിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. എ. എം. നീഡ്സ് എന്ന സ്ഥാപനമാണ് വി. എഫ്.പി. സി. കെയുമായി ഓൺലൈൻ വിതരണത്തിന് സഹകരിക്കുന്നത്. ഓൺലൈൻ വഴി ഓർഡർ ചെയ്താൽ മുറിച്ച പച്ചക്കറികൾ വീട്ടിലെത്തിക്കും.