ഫാം ടൂറിസത്തിന്റെ നൂതന പതിപ്പ് എന്ന നിലയിൽ ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന ഒക്കൽ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ ആരംഭിച്ച 'വിദ്യാഭ്യാസ ടൂറിസം പദ്ധതി' വിജയകരമായി മുന്നോട്ടുപോവുകയാണ്. സ്കൂളുകളും കോളേജുകളും ഉൾപ്പെടെ 15 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിവിധ സംഘങ്ങളായി 700 വിദ്യാർത്ഥികളാണ് ഇതുവരെ ഫാമിൽ എത്തിയത്. അതിന് പുറമെ വിവിധ ജില്ലകളിൽ നിന്നുള്ള കർഷക ഗ്രൂപ്പുകളും ഫാം തൊഴിലാളി സംഘങ്ങളും ഇവിടെ നിന്ന് കൃഷി അറിവുകൾ സ്വായക്തമാക്കി.
വെറുമൊരു ഫാം ടൂർ എന്നതിനപ്പുറം ഇവിടുത്തെ കാർഷിക പ്രവർത്തനത്തിൽ പങ്കുചേരാൻ കഴിയും എന്നതാണ് വലിയ പ്രത്യേകത. അനുഭവത്തിലൂടെ അറിവ് പകരുക എന്നതാണ് വിദ്യാഭ്യാസ ടൂറിസത്തിലൂടെ ഉദ്ദേശിക്കുന്നത്. ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, വിവിധ വിളകളുടെ നടീലും പരിപാലനവും വിളവെടുപ്പും ഉൾപ്പെടെയുള്ള കാർഷികവൃത്തികളിൽ ഏർപ്പെടാൻ ഇവിടെ അവസരമുണ്ട്.
കൃഷിയും പ്രകൃതി സംരംക്ഷണവും പുതിയ തലമുറയ്ക്ക് ആസ്വാദ്യകരമായി പരിചയപ്പെടുന്നതിനും അതുവഴി കാര്‍ഷിക സംസ്‌കാരത്തിലേക്ക് അവരെ ആകര്‍ഷിക്കുന്നതിനുമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതൽ പ്രായോഗിക അറിവുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നതിനുള്ള പദ്ധതിയും നിലവിൽ പരിഗണനയിലാണ്.
വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാന്യം നൽകുന്നതെങ്കിലും എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒറ്റയ്ക്കും കുടുംബമായും ഫാമിലെത്തി ദിവസം മുഴുവന്‍ ചെലവഴിക്കാം. ഇവിടുത്തെ കൃഷിയും കൃഷി രീതികളും, പ്രകൃതിയെയും പ്രകൃതി സംരക്ഷണത്തെയും അടുത്തറിയാനുള്ള അവസരമാണ് വിദ്യാഭ്യാസ ടൂറിസം പദ്ധതി വഴി ലഭിക്കുന്നത്.
ഉദ്യാന സമാനമായാണ് ഫാം ക്രമീകരിച്ചിരിക്കുന്നത്. ഇവിടുത്തെ നെൽപ്പാടങ്ങളും നടവഴികളുമെല്ലാം അറിവുകൾക്കൊപ്പം മനോഹര കാഴ്ചയാണ് സമ്മാനിക്കുക. നെല്‍കൃഷിയാണ് ഇവിടെ പ്രധാനമായും ഉള്ളത്. മത്സ്യം, പച്ചക്കറി, തേനീച്ച, താറാവ്, ആട്, തുടങ്ങിയവയെയും സംയോജിത മാതൃകയിലും കൃഷിചെയ്യുന്നു.
ഒക്കലിൽ എം.സി റോഡിനോട് ചേര്‍ന്ന് 32 ഏക്കര്‍ സ്ഥലത്താണ് വിത്തുത്പാദന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അത്യുല്പാദന ശേഷിയുള്ള വിവിധതരം തൈകൾ ഉത്പാദിപ്പിക്കുന്ന നഴ്‌സറികളും ഫാമിന്റെ ഭാഗമാണ്. ഫാം കണ്ട് ആസ്വദിക്കുന്നതിനോടൊപ്പം ഇവിടെനിന്ന് വിവിധതരം തൈകൾ വാങ്ങുകയും ചെയ്യാം.