കൊടുമണ്‍ ഇടത്തിട്ട കാവുംപാട്ട് ഓഡിറ്റോറിയത്തില്‍ സമ്പൂര്‍ണ പച്ചത്തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി എം.എം മണി നിർവഹിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് എല്ലാ വാര്‍ഡുകളിലും അതിജീവനത്തിനായി ചെറുവനങ്ങള്‍ സൃഷ്ടിച്ചാണ് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ പച്ചത്തുരുത്ത് പഞ്ചായത്തായി മാറിയത്.കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാനും അവയെ തുലനപ്പെടുത്താനും വനങ്ങള്‍ ആവശ്യമാണ്. ഈ പ്രശ്‌നത്തെ നേരിടാനുള്ള ഒരു പ്രതിരോധ മാതൃകയായാണ് ജൈവ വൈവിധ്യത്തിന്റെ പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
നിലവിലുള്ള കാര്‍ഷിക ഭൂമിയുടെയോ വനഭൂമിയുടെയോ ഘടനയ്ക്ക് മാറ്റം വരുത്താതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗരഹിതമായി ഒഴിച്ചിട്ടിരിക്കുന്ന പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ പ്രദേശത്തിന്റെ സവിശേഷതകള്‍ക്ക് ഇണങ്ങുന്ന വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി ചെറുവനങ്ങളായി രൂപപ്പെടുത്തുക എന്ന ഹരിതകേരളം മിഷന്റെ നവീന ആശയമാണ് പച്ചത്തുരുത്ത്.18 വാര്‍ഡുകളിലായി 26 പച്ചത്തുരുത്തുകളാണ് കൊടുമണ്ണില്‍ നിര്‍മ്മിച്ചത്. അതിജീവനത്തിന്റെ ചെറു തുരുത്തുകളായ 51 പച്ചത്തുരുത്തുകള്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി പൂര്‍ത്തിയായിട്ടുണ്ട്.ആര്യവേപ്പ്, അഗസ്ത്യച്ചീര, കണിക്കൊന്ന, ഉങ്ങ്, ഞാവല്‍, നെല്ലി, നീര്‍മരുത്, ദന്തപ്പാല, മാതളനാരകം തുടങ്ങി അനേകം വൃക്ഷത്തൈകള്‍കൊണ്ടാണ് ഈ ചെറുവനങ്ങളുടെ നിര്‍മ്മാണം.