കൊല്ലം: കൊല്ലം പൂരത്തിന്റെ ഭാഗമായ ആഘോഷപരിപാടികളില്‍ ആനപരിപാലന ചട്ടം കര്‍ശനമായി പാലിച്ച് എഴുന്നള്ളത്തും കുടമാറ്റവും ഉള്‍പ്പടെ നടത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിച്ചു. എഴുന്നള്ളത്ത് രാവിലെ 10ന് മുമ്പും ഉച്ചയ്ക്ക് മൂന്നിന് ശേഷവും നടത്താം. ചെറുപൂരങ്ങള്‍ക്കും ആനയൂട്ടിനും നീരാട്ടിനും തിരുമുമ്പില്‍ കുടമാറ്റത്തിനും ബാധകം.
25 ആനകളെ പങ്കെടുപ്പിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ആനകളുടെ ഡാറ്റ ബുക്ക്, ഇന്‍ഷുറന്‍സ്, ആരോഗ്യ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഡ്യൂട്ടിയിലുള്ള വെറ്ററിനറി സര്‍ജാര്‍ പരിശോധിക്കും. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് ആനപരിപാലകരുടെ പരിശോധനയും നടത്തും. മുന്‍കരുതലായി മയക്കുവെടി ആംബുലന്‍സ് സജ്ജമാക്കും.
ആരോഗ്യസ്ഥിതി മോശമായ ആനകളെയും മദപ്പാട് തുടങ്ങിയ ആനകളെയും പൂരത്തില്‍ പങ്കെടുപ്പില്ല. ആനകള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്നതിന്റെ പൂര്‍ണ്ണ ചുമതല മൃഗസംരക്ഷണ വകുപ്പിന്റെ എസ്.പി.സി.എ എലിഫന്റ് സ്‌ക്വാഡിനാണ് നല്‍കിയിട്ടുള്ളത്. ഇതിനായി കുടമാറ്റവേദിയില്‍ 10 വെറ്ററിനറി സര്‍ജന്‍മാര്‍ക്കും എസ്.പി .സി .എ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ചുമതല നല്‍കി.
എല്ലാവരും ആനകളില്‍നിന്ന് മൂന്ന് മീറ്റര്‍ അകലം പാലിക്കണം. സെല്‍ഫി ഒഴിവാക്കണമെന്നും ജില്ലാ മൃഗാശുപത്രി മേധാവി ഡോ.ഡി.ഷൈന്‍കുമാര്‍ അറിയിച്ചു.