എറണാകുളം: കോതമംഗലം താലൂക്ക് ആശുപത്രി വികസനം യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. ആശുപത്രി വികസന പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 11.15 കോടി രൂപ ചെലവിലാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.
ഒഫ്‍താൽമോളജി ഓപ്പറേഷൻ തീയേറ്റർ, പോസ്റ്റ്നേറ്റൽ വാർഡ് ( പ്രസവാനന്തര വാർഡ്), ആശുപത്രിയിലെ എല്ലാ കെട്ടിടങ്ങൾക്കും ആവശ്യമായ അഗ്നി രക്ഷാ സംവിധാനം, രോഗികൾക്കായി രണ്ട് ലിഫ്റ്റുകൾ, 400 കെ.വി.എ ക്ഷമതയുള്ള ഇലക്ട്രിക് സബ് സ്റ്റേഷൻ, ആശുപത്രിയിലേക്കാവശ്യമായ ജല വിതരണത്തിനും മലിന ജല നിർമ്മാർജ്ജനത്തിനുള്ള സംവിധാനം തുടങ്ങിയ കാര്യങ്ങളാണ് വികസന പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണിന്റെ ആരോഗ്യത്തിന് സൺഗ്ലാസ് ധരിക്കുന്നത് എത്ര പ്രധാനമാണ്? കൂടുതൽ അറിയാം..
ജില്ലയിലെ കിഴക്കൻ മേഖലയിലെ പ്രധാന പൊതുജനാരോഗ്യ കേന്ദ്രവും ആദിവാസി സമൂഹം ഉൾപ്പെടെ നൂറുകണക്കിന് പേർ ദിവസേന ആശ്രയിക്കുന്നതുമായ സ്ഥാപനമാണ് കോതമംഗലം താലൂക്ക് ആശുപത്രി. വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ ഈ ആശുപത്രിയെ ആശ്രയിക്കുന്നവർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകാൻ കഴിയും.
കോതമംഗലം താലൂക്ക് ആശുപത്രിയെ സംബന്ധിച്ചെടുത്തോളം വലിയ വികസന പദ്ധതിയ്ക്കാണ് തുടക്കം കുറിക്കുന്നതെന്നും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്നും ആന്റണി ജോൺ എം.എൽ.എ പറഞ്ഞു.