ആർ ഹേലി സ്മാരക പ്രതിഭാപുരസ്കാരം കരസ്ഥമാക്കി കൃഷി ജാഗരൺ എഡിറ്റർ സുരേഷ് മുതുകുളം. മുൻ കൃഷിവകുപ്പ് ഡയറക്ടറും ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ (FIB) ആദ്യ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും ആയിരുന്ന ശ്രീ. ആർ ഹേലിയുടെ സ്മരണയ്ക്കായി റിട്ടയേർഡ് അഗ്രിക്കൾച്ചർ ഓഫീസേർസ് ഫോറം, കേരള ഏർപ്പെടുത്തിയ പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. ആർ ഹേലിയുടെ മൂന്നാം ചരമവാർഷികദിനമായ ഇന്നലെ (13.12.2023) എറണാകുളം ഭാരത് ഹോട്ടലിൽ (BTH) വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. മുഖ്യാതിഥിയും PUCL (Peoples Union for Civil Liberties) പ്രസിഡന്റുമായ അഡ്വക്കേറ്റ് പി ചന്ദ്രശേഖരനാണ് പുരസ്കാരദാനം നിർവ്വഹിച്ചത്.
കാർഷികവിദഗ്ദനും കൃഷിഎഴുത്തുകാരനും ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ മുൻ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും കർഷകഭാരതി അവാർഡ് ജേതാവുമാണ് സുരേഷ് മുതുകുളം. പ്രമുഖ കാർഷികലേഖകൻ മുരളീധരൻ തഴക്കരയാണ് ചടങ്ങിൽ ആർ ഹേലി അനുസ്മരണ പ്രഭാഷണം നടത്തിയത്. ആർ ഹേലിയെപ്പറ്റി പുസ്തകം രചിച്ച സ്പൈസസ് ബോർഡ് പ്രസിദ്ധീകരണ വിഭാഗം എഡിറ്റർ ശ്രീകുമാർ, മുതിർന്ന റിട്ട. കൃഷി ഓഫീസർ (റിട്ട. ജോയന്റ് ഡയറക്ടർ) പത്മിനിയമ്മ എന്നിവർ ആശംസാ പ്രഭാഷണങ്ങൾ നടത്തി. റിട്ട. കൃഷി ഓഫീസർസ് ഫോറം പ്രസിഡന്റ് ആശാദേവി വർമ അധ്യക്ഷത വഹിച്ച യോഗത്തിന് ഫോറം സെക്രട്ടറി ടി എസ് വിശ്വൻ നന്ദി പ്രകടിപ്പിച്ചു.
ആർ ഹേലിയെപ്പറ്റി പോൾസൺ എന്ന കർഷകൻ എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും യോഗത്തിൽ വച്ച് നടത്തി. F.I.B.യുടെ സ്ഥാപകനും മലയാള പത്ര - റേഡിയോ മാധ്യമങ്ങളിലെ കാർഷികപംക്തികൾക്ക് തുടക്കം കുറിച്ചയാളും കേരള കൃഷിവകുപ്പിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയും ആയ ആർ ഹേലിയുടെ നാമഥേയത്തിൽ ആദ്യമായിഏർപ്പെടുത്തിയ പുരസ്കാരമാണ് സുരേഷ് മുതുകുളം സ്വന്തമാക്കിയത്.