1. ഇൻസ്റ്റന്റ് കിസാൻ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്. റിസർവ് ബാങ്കിന്റെ സഹകരണത്തോടെ റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് വികസിപ്പിച്ച പദ്ധതി തമിഴ്‌നാട് സർക്കാരുമായി ചേർന്നാണ് നടപ്പിലാക്കുന്നത്. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ഗ്രാമീണ സാമ്പത്തിക സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ആദ്യഘട്ടമായാണ് ഫെഡറൽ ബാങ്ക് ഇൻസ്റ്റന്റ് കിസാൻ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത്. ചെറുകിട കർഷകർക്കും ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്കും ചെറിയ വായ്പകളാണ് പദ്ധതി വഴി ലഭ്യമാകുക. കാർഷിക വായ്പാ രംഗങ്ങളിലെ ആദ്യത്തെ ഡിജിറ്റൽ വായ്പാ പദ്ധതിയാണിത്. ഇതോടെ കർഷകർക്ക് വായ്പ ലഭിക്കാൻ ബാങ്കിൽ പോയി കാത്തിരിക്കേണ്ട ആവശ്യമില്ല. മാത്രമല്ല ഫോണിലൂടെ തന്നെ വായ്പ ലഭിക്കാനുള്ള നടപടികൾ ആരംഭിക്കുകയും രേഖകൾ ഓൺലൈനായി തന്നെ പരിശോധിക്കുകയും ചെയ്യുന്നു.
കൂടുതൽ വാർത്തകൾ: ഗ്രോ ബാഗിലെ കൃഷി ഉപേക്ഷിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്..കൂടുതൽ കൃഷി വാർത്തകൾ
2. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് കേരളത്തിന് സ്വന്തം. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ചതിലൂടെയാണ് കേരളത്തിന് അവാർഡ് ലഭിച്ചത്. ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളാണ് ഏറ്റവും കൂടുതൽ തവണ പദ്ധതികൾ വിനിയോഗിച്ചത്. ഒരു മണിക്കൂറിൽ 180 രോഗികൾക്ക് വരെ പദ്ധതിയുടെ ആനുകൂല്യം നൽകാൻ കഴിഞ്ഞതിലൂടെയാണ് കേരളം തിരഞ്ഞെടുക്കപ്പെട്ടത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി പരമാവധി പേർക്ക് ചികിത്സാ സഹായം നൽകാനാണ് കേരളത്തിന്റെ ശ്രമമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
3. സമഗ്ര കാർഷിക വികസന പദ്ധതിയായ 'കൃഷിക്കൊപ്പം കളമശ്ശേരി'യ്ക്ക് തുടക്കം. കളമശ്ശേരിയുടെ കാർഷിക മുന്നേറ്റം ലക്ഷ്യമിട്ട് വ്യവസായമന്ത്രി പി. രാജീവ് നടപ്പിലാക്കുന്ന പദ്ധതിയാണ് കൃഷിക്കൊപ്പം കളമശ്ശേരി. പദ്ധതിയുടെ നടീൽ ഉത്സവം കിഴക്കേ കടുങ്ങല്ലൂരിൽ കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കളമശ്ശേരി മണ്ഡലത്തിലെ എല്ലാ സഹകരണ ബാങ്കുകളും പദ്ധതിയുടെ ഭാഗമാണ്. കർഷക സ്വയം സഹായ സംഘങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, കൃഷിഭവനുകൾ, കർഷക സംഘടനകൾ, വിവിധ വകുപ്പുകൾ എന്നിയുടെ കരുത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൃഷിയ്ക്കൊപ്പം നിൽക്കുക എന്നത് ജീവിതത്തിനൊപ്പം നിൽക്കുന്നതിന് തുല്യമാണെന്ന് ചടങ്ങിൽ മന്ത്രി പി പ്രസാദ് പറഞ്ഞു.
4. നൂതന സാങ്കേതിക വിദ്യകളിലൂടെ നെല്ല് ഉൽപാദനം കൂട്ടാനുള്ള നടപടികൾ ആവശ്യമാണെന്ന് റവന്യൂമന്ത്രി കെ. രാജൻ. പൊന്നാനി കോൾ വികസന പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ബിയ്യം കായൽ പദ്ധതിയും നൂറടിത്തോട് നവീകരണവും പൂർത്തീകരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൃഷി നേരത്തെ ഇറക്കിയാൽ കോൾപ്പാടത്തെ നിർമാണ ജോലികൾ ആരംഭിക്കാൻ സാധിക്കുമെന്നും ഇതിനായി കർഷക കലണ്ടർ അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
5. വയനാട് ജില്ലയിൽ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കര്‍ഷകര്‍ക്ക് സബ്‌സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനും സൂക്ഷ്മ ജലസേചന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് സെമിനാർ നടന്നത്. കല്‍പ്പറ്റ ബ്ലോക്കില്‍ നടന്ന സെമിനാര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ എണ്‍പതോളം കര്‍ഷകര്‍ പങ്കെടുത്തു. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതി, സൂക്ഷ്മ ജലസേചന പദ്ധതി, കാര്‍ഷിക വികസന ഫണ്ട് തുടങ്ങിയ പദ്ധതികളുടെ ഭാഗമായി ക്ലാസും സംഘടിപ്പിച്ചു.
6. കാർഷിക മേഖലയിൽ 3786.30 കോടി വായ്പ നൽകാനൊരുങ്ങി കാസർകോട് ജില്ല. ജില്ലാ ബാങ്കിങ് അവലോകന യോഗത്തിൽ കൃഷിയ്ക്കും അനുബന്ധമേഖലയ്ക്കുമായി 3786.30 കോടി രൂപയും, സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്കായി 1037.35 കോടിയും, മറ്റ് മുൻഗണനാ വിഭാഗങ്ങൾക്കായി 1114.50 കോടിയും വായ്പ നൽകാനാണ് ലക്ഷ്യം. 2021-22 സാമ്പത്തിക വർഷത്തിൽ കാർഷിക-അനുബന്ധ മേഖലകളിൽ നിശ്ചയിച്ച വായ്പാ പദ്ധതികളിൽ 139 ശതമാനം നേട്ടമാണ് ഉണ്ടായത്.
7. തിരുവനന്തപുരം ജില്ലയിൽ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഒരെണ്ണത്തിന് അഞ്ച് രൂപ നിരക്കിൽ കോഴിക്കുഞ്ഞുങ്ങളെ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് 0471 2730804 എന്ന നമ്പറിൽ ബന്ധപ്പെടാം.
8. സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പത്തനംതിട്ട. ജില്ലതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിൽ ആന്റോ ആന്റണി എംപി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ബാങ്ക് സേവനങ്ങൾ പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജൂണിൽ ഡിജിറ്റലൈസേഷന്‍ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരുന്നു. ജില്ലയിലെ ബാങ്കിംഗ് മേഖലയില്‍ കൈവരിച്ച നേട്ടത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളെ എംപി അഭിനന്ദിച്ചു. ജില്ലയുടെ നേട്ടത്തിലൂടെ മറ്റ് മേഖലകളിലും സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമായി സാധ്യമാക്കാൻ പൊതുജനങ്ങളെ ബോധവാന്‍മാരാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
9. വൗ ഫാക്ടേഴ്സ് എംഡി ഡോ. ശങ്കർ ഗോയങ്ക കൃഷി ജാഗരൺ സന്ദർശിച്ചു. സ്വന്തം ജീവിതാനുഭവങ്ങളെ കുറിച്ചും പല വ്യക്തികളെക്കുറിച്ചും വളരെ രസകരമായ സംഭാഷണം അദ്ദേഹം കെജെ അംഗങ്ങളുമായി പങ്കുവച്ചു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റൻ ഇൻ ചീഫുമായ എം.സി ഡൊമിനിക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തു. പരിപാടിയിൽ കൃഷി ജാഗരണിൻ്റെ 26 വർഷത്തെ നാൾ വഴികളുടെ വീഡിയോ പ്രദർശിപ്പിച്ചു.
10. കാർഷിക കയറ്റുമതി-ഇറക്കുമതി വ്യവസായവുമായി നിൻജാകാർട്ട് അന്താരാഷ്ട്ര വിപണിയിലേക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രഷ് പ്രൊഡ്യൂസ് സപ്ലൈ ചെയിൻ കമ്പനിയാണ് നിൻജാകാർട്ട്. നിൻജ ഗ്ലോബൽ എന്ന പുത്തൻ ആശയവുമായാണ് നിൻജാകാർട്ടിന്റെ ചുവടുവയ്പ്പ്. കാർഷിക ഇറക്കുമതി-കയറ്റുമതി രംഗത്ത് അന്താരാഷ്ട്ര ശൃംഖല സൃഷ്ടിച്ചു കൊണ്ട് വ്യാപാരം സാധ്യമാക്കുന്ന ഓൺലൈൻ വിപണിയാണിത്. ഈ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതോടെ കമ്പനികൾക്കും ഉൽപന്നങ്ങൾക്കും ഒരു ഡിജിറ്റൽ ഐഡന്റിറ്റി നേടാൻ സാധിക്കും. ഉപയോക്താക്കൾക്ക് സൗജന്യ ലൈഫ് ടൈം സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടായിരിക്കുമെന്ന് നിൻജാകാർട്ട് അറിയിച്ചു. നിലവിൽ 24ലധികം രാജ്യങ്ങളിലായി ഇറക്കുമതി-കയറ്റുമതി രംഗത്തുള്ള 5,000ലധികം പേർ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
11. കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷം അവസാനിച്ചു. വരും ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ തുടരും. ഒറീസ തീരത്ത് ന്യുനമർദം നിലനിൽക്കുന്നുണ്ടെങ്കിലും ഇത് കേരളത്തെ ബാധിക്കില്ല.