സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ൻ്റെ ഭാഗമായി ക്ഷീരകർഷക ഭവനങ്ങളും ക്ഷീരസംഘങ്ങളും തൃശ്ശൂർ മിൽമ പ്ലാന്റും സന്ദർശിക്കുന്ന ക്ഷീര സ്പന്ദനം പരിപാടിക്ക് പാണഞ്ചേരി പഞ്ചായത്തിലെ പട്ടികവർഗ്ഗ കോളനിയായ മണിയൻ കിണറിൽ തുടക്കം കുറിച്ചു. മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കോളനിയിലെ ക്ഷീരകർഷകരുമായി സംവദിച്ചു. മണിയൻ കിണറിൽ തരിശായി കിടക്കുന്ന ഭൂമിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തീറ്റപുല്ല്, പച്ചക്കറി എന്നിവ കൃഷി ചെയ്ത കൂടുതൽ വരുമാനം ഉണ്ടാക്കാൻ ആവശ്യമായ പദ്ധതി തയ്യാറാക്കണം എന്ന് മന്ത്രി പറഞ്ഞു.
തീറ്റപ്പുൽ കൃഷി കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിച്ചാൽ തീറ്റയിനത്തിൽ പശുവിന് ചിലവാകുന്ന പണം നമുക്ക് ലാഭിക്കാൻ സാധിക്കും. മദിലക്ഷണം കാണിക്കുന്ന പശുക്കൾക്ക് കൃത്യസമയത്ത് ബീജം ലഭിക്കുന്നില്ല എന്നുള്ള പരാതി കർഷകർ പറയുകയുണ്ടായി. ഈ പരാതി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്. 1962 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഫോണിലും നേരിട്ടും ലഭ്യമാവും. ഡോക്ടർമാരുടെ സേവനം വീട്ടുമുറ്റത്ത് ലഭ്യമാക്കുവാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കർഷകർ ആവശ്യപ്പെടുന്നയിനം പശുക്കളുടെ ബീജം ലഭ്യമാക്കാൻ നമുക്കിപ്പോൾ കഴിയും. ബീജം കേടുകൂടാതെ സംഭരിച്ച് സൂക്ഷിക്കാനും കർഷകരുടെ വീട്ടുമുറ്റത്തെത്തിക്കാനും ആധുനിക സൗകര്യമുള്ള വാഹനം ഉടൻതന്നെ സജ്ജമാവുമെന്നും മന്ത്രി പറഞ്ഞു. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പശുക്കളെ വാങ്ങുവാൻ 90 % സബ്സിഡി ലഭ്യമാവുന്ന പദ്ധതിയുണ്ട്. എല്ലാവരും ഈ പദ്ധതി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ഊരുമൂപ്പൻ എം എ കുട്ടൻ അധ്യക്ഷത വഹിച്ചു. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം ടി ജയൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷീരവികസന വകുപ്പ് പ്ലാനിങ് ജോയിൻ്റ് ഡയറക്ടർ സിൽവി മാത്യു ആമുഖപ്രഭാഷണം നടത്തി .പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ സുബൈദ അബൂബക്കർ, പാണഞ്ചേരി ക്ഷീരസംഘം പ്രസിഡൻറ് മാത്യു നൈനാൻ എന്നിവർ സംസാരിച്ചു.
ട്രൈബൽ ഡിപ്പാർട്ട്മെൻ്റും മിൽമയും സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയാണ് വാണിയംപാറ ഡയറി പ്രോജക്ട് പദ്ധതി. മണിയൻകിണർ കോളനിയിലെ ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായി മാറിയ പദ്ധതിയാണ് വാണിയംപാറ ഡയറി പ്രോജക്ട് . ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ 50 പട്ടികവർഗ്ഗ വിഭാഗ കുടുംബങ്ങൾക്ക് പശുവിനെ വാങ്ങുവാൻ 40000 രൂപ സബ്സിഡി നൽകി. കൂടാതെ കാലിത്തൊഴുത്ത് വാങ്ങുവാൻ 30,000 രൂപയും അനുവദിച്ചു. ഈ പദ്ധതി നടപ്പിലാക്കിയ ശേഷം പ്രതിദിനം 400 ലിറ്റർ പാലിന്റെ വർദ്ധനവ് സംഘത്തിന് ഉണ്ടായി. ആദ്യഘട്ടത്തിൽ ഒന്നേകാൽ കോടി രൂപയാണ് ഈ പദ്ധതിക്ക് അനുവദിച്ചത്. രണ്ടാംഘട്ടത്തിൽ നല്ല രീതിയിൽ പശുക്കളെ നോക്കിയ 20 കർഷകർക്ക് 20 പശുക്കളെ കൂടി കൊടുത്തു. രണ്ടാംഘട്ടത്തിൽ സപ്തതിയായി 45,000 രൂപയാണ് പശുവിനെ വാങ്ങാൻ അനുവദിച്ചത്. കൂടാതെ പശുക്കളെ മൂന്നു വർഷത്തേക്ക് ഇൻഷ്വർ ചെയ്യുകയും ചെയ്തു. ആദിവാസി ഗോത്ര വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ക്ഷീരവൃത്തിയിലൂടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
തുടർന്ന് ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടുകൂടി നിർമ്മിച്ച പാണഞ്ചേരി ക്ഷീരസംഘത്തിൻ്റെ ഫാർമർ ഫെസിലിറ്റേഷൻ സെൻറർ, സോളാർ പവർ പ്ലാൻറ് എന്നിവ സന്ദർശിച്ചു.
തുടർന്ന് വലക്കാവ് ക്ഷീരവ്യവസായ സഹകരണ സംഘം ക്ഷീര വികസന വകുപ്പിന്റെ ആർ കെ വി വൈ, എൻ എം പി എസ് വാർഷിക പദ്ധതിപ്രകാരം 1. 70 കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ നിർമ്മിച്ച ഡയറി പ്രോസസിംഗ് പ്ലാൻറ് സന്ദർശിക്കുകയും ജീവനക്കാരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.
തുടർന്ന് ചിറ്റിലപ്പിള്ളി ക്ഷീരോൽപാദക സഹകരണസംഘം സന്ദർശിച്ചു. നിലവിൽ തൈര് സംഭാരം വിവിധതരം സിപ് അപ് നെയ്യ്, യോഗർട്ട്, ലെസി, പനീർ, സെറ്റ് തൈര്, രസഗുള തുടങ്ങി നിരവധി ക്ഷീരോൽപ്പന്നങ്ങൾ സംഘം നിർമ്മിച്ചു വരുന്നു. ഈ രംഗത്ത് ഇനിയും ഏറെ മുന്നോട്ടു പോകാൻ കഴിയട്ടെയെന്നും വകുപ്പിന്റെ എല്ലാ സഹായങ്ങളും അതിനായി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള ചേറൂരിൽ കഴിഞ്ഞ 10 വർഷമായി ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന സന്തോഷിന്റെ ഫാമും തീറ്റപ്പുൽ കൃഷിയിടവും സന്ദർശിച്ചു. ജില്ലയിലെ മികച്ച ക്ഷീരകർഷകനുള്ള അവാർഡ് നേടിയിട്ടുള്ള സന്തോഷ് 30 ഏക്കറിൽ തീറ്റപ്പുൽ കൃഷി ചെയ്യുന്നു. ഇതിനു പുറമേ പാട്ടത്തിനെടുത്ത 600 ഏക്കറോളം സ്ഥലത്ത് നെൽക്കൃഷിയും പച്ചക്കറി കൃഷിയും ചെയ്തു വരുന്നു.
തുടർന്ന് തൃശ്ശൂർ മിൽമ പ്ലാൻറ് സന്ദർശിക്കുകയും ഉദ്യോഗസ്ഥരും ജീവനക്കാരുമായി സംവദിക്കുകയും ചെയ്തു.