എറണാകുളം: ക്ഷീര കർഷകർക്ക് പാൽ ഉൽപാദനത്തിൽ പ്രോത്സാഹനം നൽകി ആലങ്ങാട് പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി പുരോഗമിക്കുന്നു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരവികസന യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
50 ലക്ഷം രൂപയാണ് പഞ്ചായത്തിന് പദ്ധതിയിലേക്ക് അനുവദിച്ചിരിക്കുന്ന തുക. പദ്ധതിയിലേക്ക് ക്ഷീര കർഷകരുടെ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതുവരെ രണ്ട് പശുക്കൾ അടങ്ങുന്ന യൂണിറ്റിനായി 49 അപേക്ഷകളും അഞ്ച് പശുക്കൾ അടങ്ങുന്ന യൂണിറ്റുകൾക്കായി 12 അപേക്ഷകളും സാങ്കേതിക സഹായത്തിനായി 45 അപേക്ഷകളും ലഭിച്ചു. കറവ യന്ത്രത്തിനായി രണ്ട് അപേക്ഷകളാണ് ലഭിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: 10,000 കര്‍ഷകര്‍ക്ക് ലോണ്‍, വര്‍ഷം മുഴുവന്‍ സബ്സിഡി: ക്ഷീരമേഖലയിൽ പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
അപേക്ഷാ തിയതി ജനുവരി 20 വരെ നീട്ടിയിട്ടുണ്ട്.
അപേക്ഷകൾ ക്രോഡീകരിച്ച് അർഹതാ ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പാൽ ഉൽപാദനത്തിൽ പുരോഗതി കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നൂതന പദ്ധതിയാണ് ക്ഷീരഗ്രാമം. ജില്ലയിൽ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ മാത്രമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ക്ഷീര ശ്രീ വെബ്സൈറ്റ് വഴിയോ മൊബൈൽ ഫോണിലൂടെയോ അക്ഷയ കേന്ദ്രത്തിലൂടെയോ അപേക്ഷിക്കാം.