1. ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയ ക്ഷീരശ്രീ പോർട്ടൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ഓൺലൈൻ പാൽ സംഭരണത്തിനും വിപണനത്തിനുമായാണ് പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. മിൽമയുടെ പുതിയ ഉൽപന്നങ്ങളായ കാഷ്യു വിറ്റ പൗഡർ, ടെൻഡർ കോക്കനട്ട് വാട്ടർ എന്നിവയുടെ വിപണനോദ്ഘാടനവും ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടലിന്റെ പ്രചാരണ വിഡിയോ പ്രകാശനവും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി നിർവഹിച്ചു. മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിന് വി.കെ.പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ക്ഷീരസംഘങ്ങളിലെ ധനസഹായ വിതരണം, കാലിത്തീറ്റ വിൽപന, അപേക്ഷകളുടെ സമർപ്പണം, പരാതി പരിഹാരം, അക്കൗണ്ടിങ് തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇനിം മുതൽ പോർട്ടൽ വഴി നടപ്പിലാക്കും. ക്ഷീരഗ്രാമം, മിൽക് ഷെഡ് പദ്ധതി, പുൽക്കൃഷി വികസന പദ്ധതി എന്നിവയും പോർട്ടലിലൂടെയായിരിക്കും നടപ്പിലാക്കുക. ക്ഷീരകർഷകരെ സഹായിക്കുന്നതിന് ഇത്തരത്തിലുള്ള പോർട്ടൽ രാജ്യത്ത് ആദ്യമായാണെന്നും ക്ഷീരസഹകരണ സംഘങ്ങളാണ് ക്ഷീരമേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ഉദ്‌ഘാടനവേളയിൽ പറഞ്ഞു.
2. 2023 ലെ ജൈവവൈവിധ്യ പുരസ്കാരങ്ങൾക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തികളെയും മികച്ച ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതികളെയും (ബി.എം.സി), കാവുകളെയും, വിദ്യാഭ്യാസസ്ഥാപനങ്ങളെയും, മാധ്യമപ്രവർത്തകരെയും അംഗീകരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് കേരള സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം. അപേക്ഷകൾ / നാമനിർദ്ദേശങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.keralabiodiversity.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായോ തപാൽ വഴിയോ നേരിട്ടോ ലഭിക്കേണ്ട അവസാന തീയതി നവംബർ 15 വൈകുന്നേരം 5 മണി.
3. സംസ്ഥാനത്ത് മഴ അതിശക്തമായി തന്നെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. ആന്ധ്ര തീരത്തിന് മുകളില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ തുടരുന്നതെന്നും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതയുമുള്ളതിനാല്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുമെന്നും അറിയിപ്പുണ്ട്.