1. ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയ ക്ഷീരശ്രീ പോർട്ടൽ ഒക്ടോബർ 5 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ക്ഷീരമേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ഓൺലൈൻ പാൽ സംഭരണത്തിനും വിപണനത്തിനുമായാണ് പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബർ 5 ന് രാവിലെ 11 മണിക്ക് മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മിൽമ ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും നിർവഹിക്കും. അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഡോ. ശശിതരൂർ എംപി വിശിഷ്ടാതിഥിയായിരിക്കും. ജനപ്രതിനിധികൾ, ക്ഷീരസംഘം - മിൽമ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് ഏകീകൃത പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്. കർഷകർ ക്ഷീരസംഘത്തിൽ നൽകുന്ന പാലിന്റെ അളവിനും ഗുണനിലവാരത്തിനും അനുസൃതമായി കൃത്യമായ വില നൽകുന്നതിനുള്ള ഓൺലൈൻ സംവിധാനമാണിത്. സംഘങ്ങളുടെ അക്കൗണ്ടിംഗ് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഓൺലൈൻ ആക്കുന്നതിനും ഈ സോഫ്റ്റ്‌വെയർ സംവിധാനം ലക്ഷ്യമിടുന്നുണ്ട്.
2. സംസ്ഥാനത്തുടനീളം പ്രവർത്തനം ആരംഭിക്കുന്ന കേരളഗ്രോ, മില്ലറ്റ് കഫേ എന്നീ വിപണനകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. തിരുവനന്തപുരം ഉള്ളൂർ ജംഗ്ഷന് സമീപം ഗാർഡൻ റോസ് കൃഷിക്കൂട്ടം ആരംഭിക്കുന്ന കേന്ദ്രങ്ങളിൽ ഇന്ന് വൈകുന്നേരം 4 മണിക്കാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കർഷകരുടെ വരുമാന വർദ്ധനവും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന കേരളഗ്രോ ഔട്ട്‌ലെറ്റുകളും മില്ലറ്റ് കഫേകളും സംസ്ഥാനത്തുടനീളം പ്രവർത്തനസജ്ജമാക്കുവാൻ ഒരുങ്ങുകയാണ് കൃഷി വകുപ്പ്. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ എം എൽ എ ചടങ്ങിന് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കർഷകർ, തുടങ്ങിയവരും പങ്കെടുക്കും.
3. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെയും മറ്റന്നാളും യെല്ലോ അലർട്ട് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശ്രീലങ്കയ്ക്ക് മുകളിലുള്ള ചക്രവാതച്ചുഴിയുടെയും കിഴക്കൻ കാറ്റിന്റെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം കേരള തീരത്ത് നാളെ രാത്രി 11.30 വരെ ഒരു മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.