ഇടുക്കി: കുടുംബശ്രീ പ്രസ്ഥാനം കാല്‍നൂറ്റാണ്ട് പിന്നിടുന്ന അവസരത്തില്‍ രാജാക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രജതജൂബിലി ആഘോഷിച്ചു. രാജാക്കാട് ദിവ്യജ്യോതി പാരിഷ് ഹാളില്‍ നടന്ന വാര്‍ഷികാഘോഷ പൊതുസമ്മേളനം എം.എം മണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ അബലകളെന്നത് ചരിത്രപരമായി അടിച്ചേല്‍പ്പിക്കപ്പെട്ട വലിയ നുണയാണെന്നും സാമൂഹിക നിര്‍മ്മിതിയില്‍ കര്‍മ്മനിരതയോടെ പങ്കാളികളാകാന്‍ പ്രാപ്തരാണ് അവരെന്നും എം.എല്‍.എ പറഞ്ഞു. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി അധ്യക്ഷത വഹിച്ചു.
രാവിലെ 10 മണിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് രാജാക്കാട് ഗവ. ഹൈസ്‌കൂളില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ 210 അയക്കൂട്ടങ്ങള്‍ക്കും 13 വാര്‍ഡ് സമിതികള്‍ക്കും നേതൃത്വം നല്‍കുന്ന രാജാക്കാട് പഞ്ചായത്തിലെ സിഡിഎസിലെ 3000 ത്തോളം പ്രവര്‍ത്തകര്‍ അണിനിരന്നു.
കലാ, കായികം, വിദ്യാഭ്യാസം, ആതുരസേവനരംഗം എന്നിങ്ങനെ വിവിധ മേഖലകളിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിശിഷ്ടവ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. 10, പ്ലസ് ടു ക്ലാസുകളിലും ബിരുദ പഠനത്തിലും ഉന്നതവിജയം നേടിയവര്‍ക്കും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കലാ കായിക മത്സരമായ 'അരങ്ങി'ല്‍ പങ്കെടുത്തവര്‍ക്കുമുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
രാജാക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വീണാ അനൂപ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാകുമാരി എം റ്റി, ബ്ലോക്ക് പഞ്ചായത്ത് അംഗം കിങ്ങിണി രാജേന്ദ്രന്‍, ജനപ്രതിനിധികളായ കെ പി സുബീഷ്, ബിജി സന്തോഷ്, ബെന്നി പാലക്കാട്ട്, വാര്‍ഡ് അംഗങ്ങളായ പുഷ്പലത സോമന്‍, നിഷാ രതീഷ്, മിനി ബേബി, പ്രിന്‍സ് തോമസ്, ദീപാ പ്രകാശ്, സുജിത്ത് റ്റി കെ, സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ പി വത്സ, വൈസ് ചെയര്‍പേഴ്സണ്‍ സോഫി ബാബു, മെമ്പര്‍ സെക്രട്ടറി ജ്യോതിലക്ഷ്മി, വനിതാ വികസന ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷൈലജ സുരേന്ദ്രന്‍, രാജാക്കാട് പഞ്ചായത്ത് സെക്രട്ടറി സുജിത്ത്കുമാര്‍ ആര്‍ സി, സിഡിഎസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.