കോഴിക്കോട്: കുടുംബശ്രീ ജില്ലാ കലോത്സവത്തിന് കൊയിലാണ്ടിയിൽ തുടക്കം. പരിപാടിയുടെ ഉദ്ഘാടനം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 “ഒരുമയുടെ പലമ”യുടെയും ധീരം ക്യാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ഇ എം എസ് ടൗൺ ഹാളിലാണ് സംഘടിപ്പിച്ചത്.
കൂടുതൽ വാർത്തകൾ: കുതിച്ചുയർന്ന് കോഴിയിറച്ചി വില; 1 കിലോയ്ക്ക് 250 രൂപ!!
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ താലൂക്ക് മത്സരങ്ങളില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. വിവിധ കുടുംബശ്രീ സി ഡി എസുകളില്‍ നിന്നായി 500 ഓളം കലാകാരികള്‍ 2 ദിവസം നീണ്ട് നില്‍ക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും. കലോത്സവത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും ഈ മാസം 24 ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും.
മന്ത്രിയുടെ വാക്കുകൾ..
കേരളീയ സമൂഹത്തില്‍ കാതലായ മാറ്റങ്ങളുമായി സ്ത്രീ ശാക്തീകരണത്തിന്റെ വഴികാട്ടിയായി മാറുകയാണ് കുടുംബശ്രീ. കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ട് കുടുംബശ്രീ പ്രസ്ഥാനം ശാസ്ത്രീയമായി നവീകരിക്കപ്പെട്ടു. പുതിയ കാലത്ത് അംഗങ്ങളുടെ മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമായി കുടുംബശീ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.
സ്വാശ്രയത്വത്തിലേക്കും അർഹമായ സാമൂഹിക പദവിയിലേക്കും സ്ത്രീകളെ കുടുംബശ്രീയാണ് കൈപിടിച്ചുയർത്തിയത്. സ്ത്രീയുടെ ജീവിതം വീടിനുള്ളിലും പുറത്തും സുരക്ഷിതവും അന്തസുള്ളതുമാക്കി മാറ്റാൻ വിവിധ പദ്ധതികളാണ് കുടുംബശ്രീ ആവിഷ്കരിച്ചു വരുന്നത്. സ്ത്രീകളേയും കുട്ടികളേയും ആയോധന കലകളിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുകയും ഇതിലൂടെ അതിക്രമങ്ങൾ കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ധീരം പദ്ധതി ഏറെ ഗുണകരമാകും.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എം സുർജിത് കുടുംബശ്രീ പദ്ധതി വിശദീകരണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത് മാസ്റ്റർ, കൊയിലാണ്ടി നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി.സി, അഴിയൂർ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജെയ്സൺ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ബിജേഷ് സ്വാഗതവും കൊയിലാണ്ടി നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എം.പി നന്ദിയും പറഞ്ഞു.