എറണാകുളം: സ്ത്രീ ശാക്തീകരണ രംഗത്ത് കുടുംബശ്രീ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ വാർഷികം ഉദ്ഘാടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകളെ സാമ്പത്തികമായും സാമൂഹ്യപരമായും ഉന്നതിയിലെത്തിക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു. സ്ത്രീശാക്തീകരണ രംഗത്ത് കുടുംബശ്രീ നൽകിവരുന്ന സംഭാവന രാജ്യത്തിന് മാതൃകയാണ്. തൊഴിൽ, സംരംഭ മേഖലയിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ സംരംഭങ്ങൾ വഴി ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ഇന്ന് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കുന്നുണ്ട്. അത്രയും ഗുണനിലവാരം പുലർത്തുന്നവയാണ് ഓരോ ഉൽപന്നങ്ങളും. വനിതകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് കഴിഞ്ഞ 25 വർഷമായി കുടുംബശ്രീ നടത്തിവരുന്നത്. വീടുകളിൽ ഒതുങ്ങി പോകുമായിരുന്ന എത്രയോ വീട്ടമ്മമാരാണ് ഇന്ന് കുടുംബശ്രീയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്ന് വന്നിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ സംരംഭങ്ങള്‍ക്ക് കരുത്തേകാൻ എം.ഇ.ആർ.സി
കവളങ്ങാട് ഗ്രാമപഞ്ചായത്തിലും കുടുംബശ്രീയുടെ പ്രവർത്തനം മാതൃകാപരമായാണ് മുൻപോട്ട് പോകുന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും മന്ത്രി പറഞ്ഞു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ നിർമ്മിച്ചിരിക്കുന്ന ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് മന്ത്രി ഉദ്ഘാടന വേദിയിലേക്കെത്തിയത്.
നെല്ലിമറ്റം സെന്റ് ജോൺസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം. പി മുഖ്യ പ്രഭാഷണം നടത്തി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ ബിജു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ, പി.എം കണ്ണൻ, ടി.കെ കുഞ്ഞുമോൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ടി. എച്ച് നൗഷാദ്, സൗമ്യ ശശി, ഷിബു പടപറമ്പത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്സൺ ജമീല ഷംസുദ്ദീൻ, വാർഡ് മെമ്പർമാർ, മറ്റ് ജനപ്രതിനിധികൾ, സി.ഡി.എസ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു.