അരങ്ങ് - 2023 'ഒരുമയുടെ പലമ' കുടുംബശ്രീ സംസ്ഥാനതല കലോത്സവം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി തൃശൂരിൽ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. അരങ്ങ് 2023 - ഒരുമയുടെ പലമ കലോത്സവത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ ട്രോഫിയും കാസർകോട് ജില്ലയും രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയും മൂന്നാം സ്ഥാനം കണ്ണൂർ ജില്ലയും നേടി.
ഭാവിയിൽ സ്കൂൾ കലോത്സവം പോലെ ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായി കുടുംബശ്രീ കലോത്സവം മാറുമെന്നും കുടുംബശ്രീയിലൂടെ സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും അമ്മമാരും സഹോദരിമാരും കടന്നുവരുന്നത് കാണുമ്പോൾ സന്തോഷവും അഭിമാനവുമാണെന്നും മന്ത്രി പറഞ്ഞു. ദാരിദ്ര്യലഘൂകരണം ലക്ഷ്യം വെച്ച് രൂപീകരിച്ച കുടുംബശ്രീയ്ക്ക് ആ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു. കുടുംബശ്രീ പ്രവർത്തകർ കലാസാംസ്കാരിക, തൊഴിൽ രംഗങ്ങളിലേക്ക് ഉയർന്നുവരണമെന്നും നാടിന്റെ പുരോഗതിയിലും വളർച്ചയിലും നന്മയിലും പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.
കേരളീയ സമൂഹത്തിൽ വളരെ സൗമ്യവും ശാന്തവുമായ ഒരു വിപ്ലവം തന്നെയാണ് കുടുംബശ്രീയിലൂടെ നാം സാക്ഷ്കരിച്ചിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ലോക ജനതയുടെ മുമ്പിൽ കൊച്ചു കേരളം മുന്നോട്ട് വെക്കുന്ന അഭിമാനകരമായ മാതൃകകളിൽ പ്രധാനമായി കുടുംബശ്രീ അംഗീകാരം നേടി.
വരുമാനദായകമായ സ്വയം തൊഴിൽ സംരംഭങ്ങളിലേക്ക് കൈപിടിച്ച് കൊണ്ടുപോകുകയും സ്ത്രീ വിമോചനത്തിന് മുന്നുപാധിയായിട്ടുള്ള സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിന് എല്ലാ വിധത്തിലുമുള്ള പിന്തുണ സംവിധാനങ്ങൾ ഉറപ്പു വരുത്തുകയും ചെയ്ത് സ്ത്രീകൾക്ക് താങ്ങും തണലുമായി കുടുംബശ്രീ പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കുടുംബങ്ങളുടെ അത്താണിയായി പ്രവർത്തിക്കുമ്പോൾതന്നെ സമൂഹത്തിന്റെ ചാലകശക്തിയായി ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്ത്രീ ജനത ഈ ബൃഹത് പ്രസ്ഥാനത്തിന്റെ ഭാഗമായി വലിയ പങ്ക് വഹിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ എന്നിവർ ചേർന്ന് കലോത്സവത്തോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പ് വിജയികളെ തെരഞ്ഞെടുത്തു. ഘോഷയാത്ര, മത്സര ഇനങ്ങൾ തുടങ്ങിവയുടെ വിജയികൾക്കുള്ള സമ്മാനം മന്ത്രിമാരായ കെ രാധകൃഷ്ണൻ, ഡോ. ആർ ബിന്ദു എന്നിവർ നൽകി.
വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപനസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, കുടുംബശ്രീ തൃശൂർ ജില്ലാ മിഷൻ കോർഡിനേറ്റർ കവിത, എഡിഎംസി എസ് സി നിർമ്മൽ, പ്രോഗ്രാം ഓഫീസർ കെ രതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ മൺസൂൺ ആരംഭിക്കാൻ വൈകുമെന്ന് അറിയിച്ച് കാലാവസ്ഥാ വകുപ്പ്