തിരുവനന്തപുരം: കേരളീയം പ്രചാരണത്തിന്റെ ഭാഗമായി കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ സംഘടിപ്പിച്ച പാചകമത്സരം രുചിയുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. വഴുതയ്ക്കാട് ശ്രീമൂലം ക്ളബിൽ രസക്കൂട്ട് എന്ന പേരിൽ നടന്ന മത്സരത്തിൽ സി ഡി എസ് ഒന്നിലെ ശ്രീശൈലം കാറ്ററിംഗ് യൂണിറ്റ് ജേതാക്കളായി.
5000 രൂപയാണ് ജേതാക്കൾക്കുള്ള പുരസ്‌കാരം. ശ്രീശൈലം യൂണിറ്റ് കേരളീയത്തിന്റെ ഭാഗമായുള്ള ഭക്ഷ്യമേളയിലെ കുടുംബശ്രീ ഫുഡ് കോർട്ടിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും. പാചകമത്സരത്തിൽ 2500 രൂപയുടെ രണ്ടാംസ്ഥാനത്തിന് സി.ഡി.എസ്സ് രണ്ടിലെ സാംജീസ് കാറ്ററിംഗ് യൂണിറ്റ് അർഹരായി. ചിക്കൻ റോസ്റ്റിലും അരിപ്പുട്ടിലുമാണ് കുടുംബശ്രീ അംഗങ്ങൾ രുചിയൊരുക്കിയത്. ശ്രീശൈലം, സംജീസ്, വിനായക, വിഘ്‌നേശ്വര, ശ്രുതി, യം റ്റോ, കെ.പി. ഫുഡ്‌സ്, വിസ്മയ, കഫേ ശ്രീ, മൈത്രി, ജ്യൂസ് വേൾഡ് എന്നീ 11 കുടുംബശ്രീ യൂണിറ്റുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
പങ്കെടുത്ത എല്ലാ യൂണിറ്റുകൾക്കും പ്രോത്സാഹന സമ്മാനം നൽകി. വിജയികൾക്കു കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. ബി. ശ്രീജിത്ത് , അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അനീഷ, സി.ഡി.എസ്സ് ചെയർപേഴ്‌സൺ വിനീത, കുടുംബശ്രീ ജില്ലാ മിഷൻ ടീം എന്നിവർ പങ്കെടുത്തു.
കേരളത്തിലങ്ങോളമിങ്ങോളമുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് ജില്ലാ അടിസ്ഥാനത്തിലാണ് കുടുംബശ്രീ മത്സരങ്ങൾ നടത്തുന്നത്. കുടുംബശ്രീയിൽ അഫിലിയേറ്റ് ചെയ്ത് കാറ്ററിങ്ങ് രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന നൂറ്റിയൻപതോളം യൂണിറ്റുകൾ വിവിധ ജില്ലകളിലെ പാചകമത്സരങ്ങളിൽ പങ്കെടുക്കും. വയനാട്, ആലപ്പുഴ ജില്ലകളിലും മത്സരം പൂർത്തിയായി. ഒക്ടോബർ 20ന് മുമ്പ് എല്ലാ ജില്ലകളിലും മത്സരം പൂർത്തിയാക്കും. കേരളീയം-2023ന്റെ പ്രധാന ആകർഷണമാണ് 11 വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേള.