കുടുംബശ്രീ ആരംഭിച്ച പാഷൻഫ്രൂട്ട് തോട്ടങ്ങൾ വിളവെടുപ്പിനൊരുങ്ങുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾ ആരംഭിച്ച പാഷൻഫ്രൂട്ട് തോട്ടങ്ങളിൽ വിളവെടുപ്പ് ഉടൻ ആരംഭിക്കും. ജില്ലയിൽ തെരഞ്ഞെടുത്ത നൂറ് ഗ്രൂപ്പുകളാണ് തോട്ടം പരിപാലിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: ദേശീയ റാങ്കിംഗ്: കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം ഒന്നാമത്..കൂടുതൽ കാർഷിക വാർത്തകൾ
അഞ്ച് ബ്ലോക്കുകളിലെ 13 പഞ്ചായത്തുകളിലാണ് കൃഷി നടന്നത്. മലപ്പട്ടം, കുറ്റ്യാട്ടൂർ, മാങ്ങാട്ടിടം, ചെറുപുഴ, ചിറ്റാരിപ്പറമ്പ്, പാട്യം, പടിയൂർ, തില്ലങ്കേരി, ആറളം, കൊട്ടിയൂർ, പന്ന്യന്നൂർ, മൊകേരി, മുണ്ടേരി എന്നീ പഞ്ചായത്തുകളിലാണ് കുടുംബശ്രീ പ്രവർത്തകർ കൃഷി ചെയ്തത്.
എല്ലാ യൂണിറ്റുകൾക്കും തൈകൾ സൗജന്യമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയിരുന്നു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, ദേശീയ ഭക്ഷ്യ മന്ത്രാലയം എന്നിവിടങ്ങളിലെ വിദഗ്ധർ ഗ്രൂപ്പുകൾക്ക് കൃഷി രീതിയിൽ പരിശീലനം നൽകിയിരുന്നു. പാഷൻ ഫ്രൂട്ട് കൃഷി വളരെ ചെലവ് കുറവാണെന്നും വിളവിന്റെ നല്ലൊരുഭാഗം മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു. പ്രാദേശിക വിപണിയിൽ പാഷൻഫ്രൂട്ടിന് നല്ല വിപണി ലഭിക്കുമെന്നും അധികം വരുന്ന പഴങ്ങൾ പൾപ്പാക്കി മാറ്റുമെന്നും പി.പി ദിവ്യ പറഞ്ഞു. ഇതിനായി കരിമ്പത്തെ സംസ്കരണകേന്ദ്രം പ്രയോജനപ്പെടുത്തും.
ചെലവ് കുറഞ്ഞ കൃഷി രീതി മാത്രമല്ല, വിറ്റാമിനുകളുടെ കലവറ കൂടിയാണ് പാഷൻഫ്രൂട്ട്. വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ് എന്നീ മൂലകങ്ങളും നാരും പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങൾ, കാൻസർ, പ്രമേഹം എന്നിവയെ പ്രതിരോധിക്കാനും പാഷൻഫ്രൂട്ട് ഉത്തമമാണ്. വള്ളിച്ചെടി ആയതിനാൽ വലിയ വളപ്രയോഗം ഇല്ലാതെ തന്നെ ഇത് വളരും. മാത്രമല്ല, നല്ല സൂര്യപ്രകാശം ലഭിച്ചാൽ വിളവ് കൂടും.