വയനാട്ടിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ 8 ലക്ഷം വരുമാനം നേടി കുടുംബശ്രീ. രുചി വൈവിധ്യങ്ങൾ ഒരുക്കിയ ഭക്ഷ്യമേളയില്‍ പൊടി പൊടിച്ച വില്‍പ്പനയുമായി കുടുംബശ്രീ മുന്നേറുന്നത്. മേള നടക്കുന്ന ദിവസങ്ങളിൽ ഏറെ വൈകിയാലും കുടുംബശ്രീ ഭക്ഷ്യ സ്റ്റാളുകളിലെ ആൾത്തിരക്ക് ഒഴിയാറില്ല.
കൂടുതൽ വാർത്തകൾ: ഞങ്ങളും കൃഷിയിലേക്ക്; കുട്ടിക്കർഷകരുടെ പച്ചക്കറി കൃഷി വിളവെടുത്തു
വിവിധ തരം വിഭവങ്ങൾ ചൂടോടെ വാങ്ങുന്നതിന് നിരവധി പേർ എത്തുമ്പോൾ കുടുംബശ്രീ അംഗങ്ങളും ഊര്‍ജ്ജസ്വലതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ചിക്കന്‍ ദോശ, ഓംലൈറ്റ് ദോശ, ചായ, ചിക്കന്‍ മാക്രോണി തുടങ്ങി നാവില്‍ കൊതിയൂറുന്ന വിഭവങ്ങളാണ് വനിതകളുടെ കൈപ്പുണ്യത്തിൽ ഒരുക്കുന്നത്. എന്റെ കേരളം മേളയിലെ വിശാലമായ ഫുഡ് കോര്‍ട്ടില്‍ ഭക്ഷണം ഇരുന്നു കഴിക്കാനുള്ള സൗകര്യവുമുണ്ട്. വയനാട് ജില്ലയിലെ നാല്‍പ്പതോളം കുടുംബശ്രീ സംരംഭകരില്‍ നിന്നുള്ള 11 സംരംഭക യൂണിറ്റുകളാണ് ഫുഡ് സ്റ്റാളുകൾ കൈകാര്യം ചെയ്യുന്നത്.
നിള, തനിമ, ഫൈഫ് സ്റ്റാര്‍, ഫ്രണ്ട്സ്, യാത്രാശ്രീ, ബക്കര്‍, കരിമ്പ്, ബാപ്കോ എന്നിവയാണ് പ്രധാന 8 കാറ്ററിംഗ് യൂണിറ്റ് സംരംഭങ്ങള്‍. ആവശ്യക്കാർക്കായി 8 സ്റ്റാളുകളിൽ ഭക്ഷണ വിഭവങ്ങള്‍ ലഭിക്കും. കാറ്ററിംഗ് മേഖലയില്‍ വിദഗ്ധ പരിശീലനം നേടിയ സംരംഭക യൂണിറ്റുകളാണ് ഇവ. ജ്യൂസ്, ഐസ്‌ക്രീം, എണ്ണ പലഹാരങ്ങൾ, ചക്ക വിഭവങ്ങള്‍, ചിക്കന്‍ മാക്രോണി പോലുള്ള നോണ്‍ വെജ് വിഭവങ്ങള്‍ക്കാണ് ഭക്ഷ്യശാലയിൽ ആവശ്യക്കാർ ഏറെ. നോണ്‍ വെജ് വിഭവങ്ങളോടാണ് സന്ദര്‍ശകര്‍ക്ക് കൂടുതല്‍ പ്രിയം. ചക്ക വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ചക്ക പക്കവടയ്ക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡ്. മേളയുടെ പ്രധാന വേദിക്ക് സമീപത്ത് തന്നെയാണ് കുടുംബശ്രീ ഭക്ഷണശാല ഒരുക്കിയിട്ടുള്ളത്.
വിവിധ തരം ദോശകളാണ് ഇത്തവണത്തെ കുടുംബശ്രീയുടെ ഭക്ഷണ ശാലയിലെ പ്രധാന വിഭവം. ചിക്കന്‍ ദോശ, ഓംലറ്റ് ദോശ, മസാല ദോശ, ഉള്ളി ദോശ, തട്ട് ദോശ അങ്ങനെ നീളുകയാണ് ദോശ വൈവിധ്യങ്ങളുടെ നിര. തട്ട് ദോശ സെറ്റിന് 40 രൂപയും, മസാല ദോശക്ക് 60 രൂപയും, ചിക്കന്‍ ദോശക്ക് 80 രൂപയുമാണ് വില. ദോശകളില്‍ ചിക്കന്‍ ദോശയ്ക്കാണ് ഡിമാൻഡ്. വൈകുന്നേരമാകുമ്പോള്‍ തട്ടു ദോശക്കും പ്രിയമേറും. കപ്പ, കഞ്ഞി, നെയ് ചോറ്, ചിക്കൻ തുടങ്ങി എല്ലാമുണ്ട് എന്റെ കേരളം മേളയിലെ ഭക്ഷ്യശാലയിൽ. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് ഫുഡ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.