കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി മുതൽ സപ്ലൈകോ വഴിയും വിപണനം ചെയ്യും. ഏപ്രിൽ മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.സപ്ലൈകോ വഴി നല്‍കാന്‍ കഴിയുന്ന ആവശ്യ വസ്തുക്കള്‍ ഏതൊക്കെയെന്ന് അറിയിക്കാന്‍ കുടുംബശ്രീ യൂണിറ്റുകളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് കുടുംബശ്രീ യൂണിറ്റുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട കാർഷിക സംരംഭങ്ങൾക്ക് ഗുണകരമാകും.
കേരളത്തിലുള്ള 1546 സപ്ലൈകോ വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്.കാർഷിക വിളകളിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ധാരാളം കുടുംബശ്രീ യൂണിറ്റുകൾ സംസ്ഥാനത്തുണ്ട്. ഭേദപ്പെട്ട വില ഉറപ്പ് നൽകുന്ന സ്ഥിരം വിപണി കണ്ടെത്താനാവാത്തതാണ് ഇത്തരം ചെറുകിട സംരംഭകർ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ പുതിയ നീക്കം സഹായിക്കും.
സപ്ലൈകോയുമായുമായുള്ള കരാറിന് രണ്ട് ഭാഗങ്ങളാണുള്ളത്. സപ്ലൈകോയ്ക്ക് ആവശ്യമായ പുട്ടുപൊടി, അപ്പം പൊടി, വെളിച്ചെണ്ണ, ആട്ട, കുട എന്നിവ കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തില്‍ പായ്ക്ക് ചെയ്ത് കൊടുക്കുകയാണ് ഒന്ന്. ആവശ്യപ്പെടുന്ന അളവ് അനുസരിച്ച് കുടുംബശ്രീ സംരംഭകരില്‍ നിന്നും ഈ ഉത്പന്നങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക് സപ്ലൈകോയ്ക്ക് നല്‍കും.
കുടുംബശ്രീ സംരംഭങ്ങളുടെ മറ്റ് ഉത്പന്നങ്ങള്‍ സപ്ലൈകോയ്ക്ക് നല്‍കുന്നതാണ് കരാറിന്റെ രണ്ടാം ഭാഗം. ഇതിന്റെ ഭാഗമായി കുടുംബശ്രീ സംരംഭകരോട് സപ്ലൈകോയുടെ ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) വിപണനവുമായി ബന്ധപ്പെട്ട തങ്ങള്‍ക്ക് നല്‍കാനാകാവുന്ന ഉത്പന്നങ്ങളുടെ വിശദാംശങ്ങള്‍ ഫോമുകളില്‍ പൂരിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെടും. സംരംഭകര്‍ നല്‍കുന്ന ഈ ഫോമുകള്‍ ശേഖരിച്ച് ജനുവരി 30നകം സപ്ലൈകോയ്ക്ക് ലഭ്യമാക്കും. തുടര്‍ന്ന് ഫോമുകളില്‍ നില്‍കിയിരിക്കുന്ന ഉത്പന്നങ്ങളില്‍ നിന്ന് അംഗീകാരം ലഭിക്കുന്ന ഉത്പന്നങ്ങള്‍ സപ്ലൈകോയുടെ 56 പ്രാദേശിക ഡിപ്പോകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഏല്‍പ്പിക്കും. ആ ഡിപ്പോകളില്‍ നിന്നുമായിരിക്കും വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഈ ഉത്പന്നങ്ങള്‍ ആവശ്യാര്‍ത്ഥം നല്‍കുക.
ഇത് വിറ്റഴിക്കുന്ന മുറയ്ക്ക് സ്റ്റോറുകളിലേക്ക് കൂടുതല്‍ അളവ് ഉത്പന്നങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് എത്തിക്കും. ആദ്യഘട്ടത്തില്‍ കുടുംബശ്രീയിലുള്ള 1000 സംരംഭകരുടെയെങ്കിലും ഉത്പന്നങ്ങള്‍ സപ്ലൈകോയിലൂടെ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.