സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ബാല സംരക്ഷണ മൊബൈൽ ആപ്പ് 'കുഞ്ഞാപ്പ്'-ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ഉദ്ഘാടനവും ഒക്ടോബർ 22ന് വൈകുന്നേരം 3.30ന് കോവളം വെള്ളാർ കേരള ആർട്സ് ആൻഡ് ക്രഫ്റ്റ് വില്ലേജിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ബാലസംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വനിത ശിശുവികസന വകുപ്പ് കുഞ്ഞാപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കിയിരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ മൊബൈൽ അപ്പിലൂടെ ഏതൊരു വ്യക്തിക്കും കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കും. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ ജില്ലാതലത്തിൽ ഒരു റാപിഡ് റെസ്പോൻസ് ടീം രൂപികരിച്ചു അടിയന്തിരമായി ഇടപെടാനുള്ള നടപടികൾ വനിത ശിശു സംരക്ഷണ വകുപ്പ്, പോലീസ്, വിദ്യാഭ്യാസ, തദേശ ഭരണ വകുപ്പുകളുടെ സ്വയം ഏകോപനത്തോടെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ, സൈബർ ആക്രമണങ്ങൾ, ചൂഷണം, അപകടകരമായ തൊഴിൽ, കടത്തൽ തുടങ്ങിയ നിരവധി അപകട സാധ്യതകളുള്ള സാഹചര്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും മറ്റു ബന്ധപ്പെട്ടവർക്കും ശരിയായ സമയത്ത് ശരിയായ തരത്തിലുള്ള വിവരങ്ങൾ, സേവന സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്തേണ്ടത് പരമ പ്രധാനമാണ്. കൂടാതെ ഇത്തരം പ്രശ്നങ്ങൾ ഉടനടി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു സംരക്ഷണം നൽകേണ്ടതുമുണ്ട്. ഇതിനായി സ്മാർട്ട് ഫോണുകളുടെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് വനിത ശിശു വികസന വകുപ്പ് മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി മൊബൈൽ ആപ്പ് തയ്യാറാക്കിയത്.
നിയമം അനുശാസിക്കുന്ന ശിശു സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മിഷൻ വാത്സല്യ പദ്ധതി പ്രകാരം വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ സംവിധാനങ്ങളിൽ പ്രധാനപ്പെട്ട രണ്ട് നിയമാനുസൃത സംവിധാനങ്ങളാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റികളും (CWC), ജുവനൈൽ ജസ്റ്റിസ് ബോർഡുകളും (JJB). സംസ്ഥാനത്ത് ലഹരി ദുരുപയോഗവും ശാരീരിക-ലൈംഗിക പീഡനവുമുൾപ്പെടെ നിരവധി പ്രതിസന്ധികൾ നേരിടുന്ന ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളുടെ സംരക്ഷണവും പുനരധിവാസവുമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ നേതൃത്വം കൊടുക്കുന്ന നിയമ സംവിധാനമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ സംരക്ഷണവും പുനരധിവാസവുമാണ് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ചുമതല. ഇത്തരത്തിൽ സംസ്ഥാനത്തെ കുട്ടികളുടെ സംരക്ഷണ കാര്യത്തിൽ സുപ്രധാന പങ്കു വഹിയ്ക്കുന്ന രണ്ടു നിയമ സംവിധാനങ്ങൾ എന്ന നിലയിൽ ഇവരുടെ പരിശീലന പരിപാടി അത്യന്തം പ്രാധാന്യം അർഹിക്കുന്നതാണ്.