എറണാകുളം: ഇനിമുതൽ കറികൾക്ക് കടുക് വറുക്കാൻ അല്പം 'കാട്ടുകടുക്' ആയാലോ? കാട്ടുകടുക് വാങ്ങാൻ സഹകരണ എക്സ്പോയിലേയ്ക്ക് വന്നാൽ മതി. അട്ടപ്പാടിയിലെ കുറുമ്പ പട്ടികവർഗ സേവന സഹകരണ സംഘത്തിൻ്റെ സ്റ്റാളിലാണ് കാട്ടുകടുകും ചാമയരിയുമെല്ലാം ലഭിക്കുന്നത്.
ഔഷധഗുണമുള്ളതും പോഷകസമൃദ്ധവുമായ മുളയരിയും ഈ സ്റ്റാളിൽ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. പന്ത്രണ്ടുവർഷത്തിലൊരിക്കൽ മാത്രമാണ് ഒരു മുളങ്കൂട്ടത്തിൽ നിന്നും മുളയരി ലഭ്യമാകുക. കുങ്കല്യം എന്ന് കുറുമ്പർ വിളിക്കുന്ന കുന്തിരിക്കത്തിൻ്റെ വലിയ കട്ടകളും ഈ സ്റ്റാളിൽ നിന്നും മിതമായ വിലയ്ക്ക് വാങ്ങാൻ കഴിയും.
സൈലൻ്റ് വാലിയുടെ ഔഷധഗുണങ്ങളുള്ള കാട്ടുതേൻ ആണ് സ്റ്റാളിലെ മറ്റൊരു പ്രധാന ആകർഷണം. വർഷത്തിൽ ആറുമാസമേ മധുരമുള്ള തേൻ ലഭ്യമാകുകയുള്ളൂവെന്ന് സഹകരണ സംഘം ജീവനക്കാർ പറയുന്നു. ഞാവൽ മരങ്ങൾ പൂക്കുന്ന കാലമായാൽ തേനിന് കയ്പ്പും ചവർപ്പും കലർന്ന രുചിയായി മാറും.
ബന്ധപ്പെട്ട വാർത്തകൾ: ഒരു കാലത്ത് മനുഷ്യന്റെ വയറു നിറച്ചിരുന്നു മുളയരി
മുടികഴുകാൻ ഉപയോഗിക്കുന്ന ചീനിക്കാപ്പൊടിയാണ് മറ്റൊരു പ്രധാന ഉല്പന്നം. താളിപോലെ മുടിയ്ക്ക് ദോഷകരമല്ലാത്ത പ്രകൃതിദത്തമായ ഒരു ഷാമ്പൂ ആണ് ചീനിക്കാപ്പൊടി. ചീനിക്ക അങ്ങനെതന്നെ വാങ്ങേണ്ടവർക്കായി അതും വില്പനയ്ക്കുണ്ട്. കാട്ടുകടുക്, റാഗി, ചാമയരി എന്നിവ സഹകരണസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കൃഷിചെയ്യുകയാണ് ചെയ്യുന്നത്. വനവിഭവങ്ങൾ വിൽക്കുന്നതിനായി അട്ടപ്പാടിയിൽ രണ്ട് ഷോപ്പുകളും സഹകരണ സംഘത്തിനുണ്ട്.
കുറുമ്പ സമുദായത്തിലുള്ളവർ താമസിക്കുന്ന പതിനെട്ട് ഊരുകളിലായി ആയിരത്തിലധികം അംഗങ്ങളുള്ള സഹകരണ പ്രസ്ഥാനമാണ് കുറുമ്പ പട്ടികവർഗ സേവന സഹകരണ സംഘം. അംഗങ്ങൾ ശേഖരിക്കുന്ന ഔഷധഗുണമുള്ള വനവിഭവങ്ങൾ സംഭരിച്ച് ആയുർവേദ ഔഷധശാലകൾക്ക് വിൽക്കുകയാണ് സഹകരണസംഘത്തിൻ്റെ പ്രധാന പ്രവർത്തനം. ചെറുവഴുതന, കുറുന്തോട്ടി, ഓരില, മൂവില, അത്തി, തിപ്പലി, പാടക്കിഴങ്ങ് എന്നിങ്ങനെ നിരവധി വിഭവങ്ങൾ ശേഖരിക്കുന്നു. ഇവയിൽ ഭൂരിഭാഗവും അങ്ങാടിമരുന്നുകളിൽ ഉപയോഗിക്കുന്ന ഔഷധവേരുകളാണ്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയടക്കമുള്ള പ്രമുഖസ്ഥാപനങ്ങൾക്ക് ഇവർ ഔഷധവേരുകൾ വിൽക്കുന്നുണ്ട്.