പെൻഷൻകാർക്കും പെൻഷൻ പറ്റിയ പ്രായാധിക്യമുള്ള മുതിർന്ന പൗരന്മാർക്കും വേണ്ടി ഏകജാലക സംവിധാനം (പോർട്ടൽ) ആരംഭിക്കുമെന്ന് കേന്ദ്ര ഉദ്യോഗസ്ഥ-പൊതു പരാതി-പെൻഷൻ കാര്യ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: LIC Saral Pension scheme; 40 വയസ് മുതൽ 12,000 രൂപ പ്രതിമാസ പെൻഷൻ
പെൻഷൻകാർക്ക് തങ്ങളുടെ പരാതികൾ ഉന്നയിക്കാനും ബന്ധപ്പെട്ട അധികാരികളെ നേരിട്ട് സമീപിക്കാതെ തന്നെ പരിഹരിക്കാനും സാധിക്കുന്ന ഏകജാലക പെൻഷൻ പോർട്ടൽ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ, ഒരു ഏകജാലക ഡിജിറ്റൽ സംവിധാനം സൃഷ്ടിക്കുകയാണെന്ന്, (CCS) (പെൻഷൻ) ചട്ടങ്ങൾ, 2021 അവലോകനം ചെയ്യുന്നതിനും യുക്തിസഹമാക്കുന്നതിനുമുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ഓഫ് വോളണ്ടറി ഏജൻസിസിന്റെ (SCOVA) 32-ാമത് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: LIC PMVVY: മുതിർന്ന പൗരന്മാർക്ക് പ്രതിമാസ പെൻഷൻ 9250 രൂപ വരെ വാഗ്ദാനം ചെയ്യുന്നു, വിശദാംശങ്ങൾ
പെൻഷൻ കുടിശ്ശികയുടെ നടപടികൾ പൂർത്തിയാക്കുന്നതിനും, കുടിശ്ശിക അനുവദിക്കുന്നതിനും, വിതരണം ചെയ്യുന്നതിനും ഉത്തരവാദിത്തപ്പെട്ട എല്ലാ മന്ത്രാലയങ്ങളെയും ഈ സംവിധാനവുമായി ബന്ധിപ്പിച്ചതായും പരാതികൾ വിലയിരുത്തിയ ശേഷം പരിഹാരത്തിനായി, ബന്ധപ്പെട്ട മന്ത്രാലയത്തിന്/വകുപ്പിന് കൈമാറാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പരാതി തീർപ്പാക്കുന്നതുവരെ പെൻഷൻകാർക്കും നോഡൽ ഓഫീസർമാർക്കും സിസ്റ്റത്തിൽ പരാതിയുടെ തൽസ്ഥിതി ഓൺലൈനായി കാണാൻ കഴിയും.
2020 നവംബറിൽ പോസ്റ്റ്മാൻമാർ മുഖേന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) സമർപ്പിക്കുന്നതിനുള്ള വാതിൽപ്പടി സേവനം ആരംഭിച്ചതിന് ശേഷം, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (IPPB) വഴി 3,08,625-ലധികം ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതായി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു.
ലൈഫ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി സമർപ്പിക്കുന്നതിന്, ആൻഡ്രോയിഡ് ഫോണിലൂടെയുള്ള ഫെയ്‌സ് ഓതന്റിക്കേഷൻ ടെക്‌നിക്ക് 29.11.2021 ന് ആരംഭിച്ചതായും ഇതുവരെ 20,500-ലധികം ലൈഫ് സർട്ടിഫിക്കറ്റുകൾ മുഖാധിഷ്‌ഠിത പരിശോധനയിലൂടെ ലഭിച്ചിട്ടുണ്ടെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. 2014 മുതൽ കേന്ദ്ര ഗവണ്മെന്റ് പെൻഷൻകാർ സമർപ്പിച്ച മൊത്തം DLC കളുടെ എണ്ണം 1,07,75,980/- ആണെന്നും അദ്ദേഹം വ്യക്തമാക്കി.
96 മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ പ്രധാന സെക്രട്ടേറിയറ്റിലും ബന്ധപ്പെട്ട 813 ഓഫീസുകളിലും ഉൾപ്പെടെ സംയോജിത ഓൺലൈൻ പെൻഷൻ പ്രോസസ്സിംഗ് സംവിധാനം ആയ 'ഭവിഷ്യ' പ്ലാറ്റ്ഫോം, നിലവിൽ വിജയകരമായി പ്രവർത്തിച്ച് വരികയാണെന്ന് ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു. ഇന്നേ ദിവസം വരെ, 1,50,000-ത്തിലധികം കേസുകളിൽ നടപടി സ്വീകരിച്ച് PPO കൾ വിതരണം ചെയ്തു. ഇതിൽ 80,000-ത്തിൽ അധികം e-PPO കളും ഉൾപ്പെടുന്നു.