മലപ്പുറം: കുടുംബശ്രീയിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് കുതിച്ച് മലപ്പുറം ജില്ല. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായി ആവിഷ്‌കരിച്ച 'ഡിജി കേരളം' പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. കുടുംബശ്രീ നടപ്പാക്കിയ 'ഡ്രൈവ്' പദ്ധതിയിലൂടെ ഇതിനോടകം ജില്ലയിൽ 25,000 വനിതകൾ ഡിജിറ്റൽ സാക്ഷരത നേടി പി.എം.ജി ദിശ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.
കുടുംബശ്രീ ജില്ലാ മിഷൻ പി.എൻ പണിക്കർ ഫൗണ്ടേഷനുമായി സഹകരിച്ച് ജില്ലയിലെ അയൽക്കൂട്ട അംഗങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കുന്ന 'ഡ്രൈവ്' പദ്ധതി നടപ്പാക്കുന്നത്. അയൽകൂട്ടങ്ങൾ വഴി ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ള വനിതകളെ കണ്ടെത്തിയാണ് പരിശീലനം നൽകുന്നത്. ഇതിനായി ജില്ലയിലെ 100 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠന കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ, പ്രായോഗിക പരിശീലനം, ഓൺലൈൻ പരീക്ഷ എന്നിവയിലൂടെയാണ് പഠിതാക്കളെ ഡിജിറ്റൽ സാക്ഷരരാക്കുന്നത്.
ജില്ലയിലെ സാധ്യമാകുന്ന മുഴുവൻ കുടുംബശ്രീ പ്രവർത്തകരെയും ഡിജിറ്റൽ സാക്ഷരരാകുന്നതോടൊപ്പം രാഷ്ട്ര നിർമാണ പ്രവർത്തനത്തിൽ മികച്ച സംഭാവന നൽകാൻ ഉതകുന്ന രൂപത്തിൽ സ്ത്രീ സമൂഹത്തെ വളർത്തിയെടുക്കുകയാണ് 'ഡ്രൈവ്' പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യംവെക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഡിസംബർ 31ഓടുകൂടി ഒരു ലക്ഷം വനിതകൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കും. ഇതിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും മറ്റു വകുപ്പുകളുടെയും സഹകരണത്തോടെ സർവേയും വിവിധ തലത്തിൽ കമ്മറ്റി രൂപീകരണവും പുരോഗമിക്കുകയാണ്.
ഓൺലൈൻ സേവനങ്ങൾ പരസഹായമില്ലാതെ സ്വായത്തമാക്കുന്നതിനും വിവിധ മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നതിനും ഓൺലൈനായി ധനകാര്യ ഇടപാട് നടത്തുന്നതിനും സംരംഭകർക്ക് ഓൺലൈൻ വിപണിയും സാമ്പത്തിക ഇടപാടുകൾ നടത്താനും വനിതകളെ പ്രാപ്തരാക്കുന്നതാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത നേടാൻ എല്ലാ കുടുംബശ്രീ അംഗങ്ങളെയും കുടുംബശ്രീ ബാലസഭകൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പയിനിലൂടെ ബോധവത്ക്കരിക്കുകയും ചെയ്യുന്നുണ്ട്.