പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ സുഗന്ധ വ്യഞ്ജനങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങിയവയെല്ലാം നമ്മുടെ രാജ്യത്ത് ഉൽപ്പാദിപ്പിക്കുകയും അതിനുള്ള വിപണികളുമുണ്ട്. പക്ഷെ ഈ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ചെയ്യാവുന്ന ഭക്ഷ്യ സംസ്ക്കരണ സംരംഭങ്ങൾ ചെയ്യാൻ അധികമാരും മുന്നോട്ട് വരാൻ തയ്യാറാകുന്നില്ല.
ഇത്തരം സംരംഭകര്‍ക്ക് ഊര്‍ജ്ജം പകരുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പി.എം. ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റര്‍പ്രൈസസ് സ്‌കീം അഥവാ പി.എം.എഫ്.എം.ഇ. ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങാന്‍ ആഗ്രഹമുള്ള ആര്‍ക്കും പദ്ധതിക്കു കീഴില്‍ വായ്പയും സബ്‌സിഡിയും ലഭിക്കും. കർഷകരെ സഹായിക്കുകയാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം.
അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങാനായിരിക്കും പദ്ധതിക്കു കീഴില്‍ സഹായം ലഭിക്കുക. 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പദ്ധതിക്കു കീഴില്‍ അപേക്ഷിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വോക്കല്‍ ഫോര്‍ ലോക്കല്‍' ക്യാമ്പയിനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. 2020 ജൂണില്‍ ആരംഭിച്ച പദ്ധതി ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിക്കു കീഴില്‍ വരുന്നതാണ്. പുതിയ യൂണിറ്റുകള്‍ തുടങ്ങുന്നതിനും, നിലവിലെ യൂണിറ്റുകള്‍ നവീകരിക്കുന്നതിനും സഹായം ലഭിക്കും.
വണ്‍ ഡിസ്ട്രിക്ട് വണ്‍ പ്രൊഡക്ട് എന്ന ആശയത്തിനു കീഴിലാണ് നിലവില്‍ വായ്പ നല്‍കുന്നത്. യൂണിറ്റ് തുടങ്ങാന്‍ പദ്ധതി ചെലവിന്റെ 35 ശതമാനം, പരമാവധി 10 ലക്ഷം രൂപ പരിധിയില്‍ ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റല്‍ സബ്‌സിഡി ലഭിക്കും. മൊത്തം ചെലവിന്റെ 10 ശതമാനം ഉപയോക്താക്കള്‍ വഹിക്കണം. ബാക്കി തുക ബാങ്ക് വായ്പ ലഭിക്കും. www.pmfme.mofpi.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 2020 വരെ രണ്ടു ലക്ഷത്തിലധികം യൂണിറ്റുകള്‍ക്കു പദ്ധതിക്കു കീഴില്‍ ആനുകൂല്യം നല്‍കുമെന്നാണു പ്രഖ്യാപനം. കോള്‍ഡ് സ്റ്റോറേജുകൾ, വെയര്‍ഹൗസുകള്‍ എന്നിവ തുടങ്ങാനാകും പ്രഥമ പരിഗണന.
നിലവില്‍ പ്രവര്‍ത്തനക്ഷമമായ യൂണിറ്റുകളുടെ നവീകരണത്തിനും വികസനത്തിനും പദ്ധതി സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. കര്‍ഷക സംഘങ്ങള്‍ക്കും, സ്ത്രീ സഹായ സംഘങ്ങള്‍ക്കും മുന്‍ഗണനയുണ്ട്. സ്വയം സഹായ സംഘങ്ങള്‍ക്ക് ഉപകരണങ്ങളും, പ്രവര്‍ത്തന മൂലധനവും ഒരുക്കുന്നതിന് 40,000 രൂപ നല്‍കും. അപേക്ഷകര്‍ ഉന്നത സമിതി പരിശോധിച്ച് ഉറപ്പാക്കിയശേഷം, വായ്പ ലഭ്യമാക്കുന്നതിനായി ബാങ്കുകള്‍ക്കു കൈമാറും. തുടര്‍ന്നു സബ്‌സിഡി തുക അപേക്ഷകന്റെ അക്കൗണ്ടിലെത്തും.