1. പ്രധാൻ മന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരമുള്ള എൽപിജി സബ്സിഡി ഒരു വർഷത്തേക്ക് കൂടി നീട്ടി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. ഗാർഹിക സിലിണ്ടർ ഒന്നിന് 200 രൂപ കിഴിവിൽ 12 സിലിണ്ടർ ലഭിക്കും. 2016 ലാണ് പദ്ധതി ആരംഭിച്ചത് ഇത് പ്രകാരം 9.59 കോടി ഉപഭോക്താക്കൾക്കാണ് സൌജന്യമായി എൽപിജി കണക്ഷൻ നൽകിയത്.
2. വി മിഷൻ വായ്പയിലൂടെ സ്ത്രീ സംരംഭകർക്ക് 5% പലിശയ്ക്ക് 50 ലക്ഷം രൂപ വരെ വായ്പ. മൊറട്ടോറിയം ആറ് മാസത്തിൽ നിന്ന് ഒരു വർഷമാക്കി. വനിതാ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിന് തിരിച്ചടയ്ക്കേണ്ടതില്ലാത്ത 5ലക്ഷം രൂപ ഗ്രാന്റ് നൽകും. സ്ത്രീശാക്തീകരണത്തിൻ്റെ മറ്റൊരു ഘട്ടത്തിലേക്കാണ് കേരളത്തിലെ സ്ത്രീകൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും, സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 40,000ത്തിലധികം വനിതകൾ സംരംഭകരായത് ഈ മാറ്റത്തിൻ്റെ ഉദാഹരണമാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി. സ്ത്രീസമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമായി കാണുന്ന സർക്കാരിന് അഭിമാനം കൂടിയാണ് സംരംഭകവർഷം പദ്ധതിയിലെ സ്ത്രീകളുടെ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.
3. ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്ന വീട്ടിൽ ഓരോ കുടുംബത്തിനും പ്രത്യേകം റേഷൻ കാർഡുകൾ എന്ന ആവശ്യം റേഷനിംഗ് ഇൻസ്‌പെക്ടർ പരിശോധിച്ച് ബോധ്യപ്പെട്ടശേഷം അനുവദിക്കാമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ. ഒരു വീട്ടിൽ തന്നെ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുകയാണെങ്കിൽ ഓരോ കുടുംബത്തിനും പ്രത്യേകം അടുക്കള ഉണ്ടാകണം. ഒരു മേൽക്കൂരക്ക് കീഴിൽ ഒന്നിലധികം കുടുംബങ്ങൾക്ക് ഒരു അടുക്കള എന്ന രീതിയിൽ ആണെങ്കിൽ പ്രത്യേകം റേഷൻ കാർഡ് ലഭിക്കില്ല. മുൻഗണനാ കാർഡുകൾ അനർഹർ കൈവശം വച്ചിരിക്കുന്ന വിഷയത്തിൽ വിജിലൻസ് കമ്മിറ്റികൾ വാർഡ് തലത്തിൽ ഉടൻ തന്നെ യോഗം ചേർന്ന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അനർഹർ മുൻഗണനാ കാർഡുകൾ കൈവശം വെച്ചിട്ടുണ്ടെങ്കിൽ ആ വിവരം 9 1 8 8 5 2 7 3 0 1 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.
4. അടാട്ട് ഗ്രാമപഞ്ചായത്തിലെ കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടുവത്തുപാറ, ഈറ്റക്കുളം കോട്ടക്കുളം എന്നീ കുളങ്ങൾ നഗരസഞ്ചയെ ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് ഓരോ വർഷത്തിലും നടത്തുവാനുള്ള പ്രവർത്തങ്ങൾക്ക് തുടക്കമായി. നഗരസഞ്ചയ ഫണ്ട് ആദ്യഘട്ടത്തിൽ നടുവത്തുപാറ കുളത്തിനായി 64,50,000 തുകയാണ് വകയിരുത്തിയിട്ടുള്ളത്. മൾട്ടി ഇയർ പ്രോജക്റ്റായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ 24,50,000 രൂപയുടെ പ്രാരംഭ പ്രവർത്തികൾക്ക് തുടക്കമിട്ടിട്ടുണ്ട്.
5. ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ദിനാചരണ പരിപാടി വണ്ടിപെരിയാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്നു. ദിനാചാരണ പരിപാടിയുടെയും തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കായി തുടക്കമിടുന്ന 'ഇടുക്കിയിലെ തോട്ടങ്ങള്‍ ക്ഷയരോഗമുക്തമാകട്ടെ' എന്ന ക്യാമ്പയിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു നിര്‍വഹിച്ചു. ക്രിയാത്മകമായ പ്രവര്‍ത്തങ്ങള്‍ നടത്തുക വഴി സംസ്ഥാനത്ത് ഏറ്റവും കുറവ് ക്ഷയ രോഗികള്‍ ഉള്ള ജില്ലയായി മാറാന്‍ ഇടുക്കി ജില്ലയ്ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി മാലതി അധ്യക്ഷത വഹിച്ചു.
6. കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതോടൊപ്പം, വറ്റാത്ത നീരുറവകൾക്കായി ജലസമൃദ്ധി പദ്ധതിയുടെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ആഭിമുഖ്യത്തിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ വർഷങ്ങൾക്ക് മുൻപ് മൂടപ്പെട്ട കോയിക്കൽ കുളം വീണ്ടെടുത്ത് പൊതുജനങ്ങൾക്കായി സമർപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും, 2025 മാർച്ച് 22 ഓടു കൂടി കാട്ടാക്കട ഗ്രാമ പഞ്ചായത്തിനെ "സമ്പൂർണ്ണ കിണർ റീചാർജ്ജിംഗ് ഗ്രാമപഞ്ചായത്ത്” ആയി പ്രഖ്യാപിക്കാനുള്ള പദ്ധതി ഉദ്ഘാടനവും അഡ്വ. ഐ. ബി. സതീഷ് എം. എൽ. എ നിർവഹിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐ. എ. എസ്സ്. മുഖ്യപ്രഭാഷണം നടത്തി.
7. 2023-24 വർഷം മത്സ്യഫെഡ് നടപ്പാക്കുന്ന 10 ലക്ഷം രൂപയുടെ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ഗുണഭോക്താക്കളാകാൻ അവസരം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾക്കും അതത് സംഘങ്ങൾ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 510 രൂപ മാർച്ച് 31നകം അടച്ച് ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള പരിരക്ഷ ഉറപ്പാക്കാം. പദ്ധതിയിൽ ഗുണഭോക്താക്കളാകുന്നവർക്ക് അപകട മരണമോ അപകടത്തെ തുടർന്ന് പൂർണ/ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്ന പക്ഷം നിബന്ധനകൾക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് സ്ക്രീനിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക -- ഫോൺ: 9526041123, 9526041270, 0497-2731257
8. സംസ്ഥാന ഫിഷറീസ് വകുപ്പ് ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ മുഖേന നടപ്പിലാക്കുന്ന വനാമി കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BFSc ഡിഗ്രിയോ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീൻ കൃഷിയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ സ്ഥാപനങ്ങൾക്ക് വനാമി ചെമ്മീൻ കൃഷി നടപ്പിലാക്കുന്നതിന് കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്നവർക്കും, അന്തർദേശീയ പരിശീലനം നേടിയവർക്കും മുൻഗണന നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈനായോ തപാൽമാർഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 5 നകം ലഭ്യമാക്കണം. അപേക്ഷ അയക്കേണ്ട വിലാസം : ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695 014. ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com.
9. ഒഡീഷയിലെ കർഷകർക്കും അഗ്രി പ്രൊഫഷണലുകൾക്കുമായി കൃഷി ജാഗരൺ സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയായ കൃഷി സന്യന്ത്രയ്ക്ക് ഇന്ന് തുടക്കം. ഡീഷയിലെ ബാലസോറിലെ കുരുഡ ഫീൽഡിലാണ്, കൃഷി സന്യന്ത്ര സംഘടിപ്പിക്കുന്നത്. കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ, കേന്ദ്ര ഫിഷറീസ്, വകുപ്പ് മന്ത്രി പർഷോത്തം രൂപാല, MSME & FAHD മുൻ കേന്ദ്ര സഹമന്ത്രിയും ബാലസോറിലെ പാർലമെന്റ് അംഗവുമായ പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്കും പരിപാടിയിൽ മുഖ്യ സാന്നിധ്യമാകും
10. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി.