ലോക്ക് ഡൗണിൽ അലങ്കാര മത്സ്യവിപണിയും പ്രതിസന്ധിയിലായി. രണ്ടു മാസത്തോളം കടകള്‍ പൂട്ടിയിടേണ്ടി വന്നതോടെ പരിചരണമില്ലാതെ മത്സ്യങ്ങൾ ചത്തുപോയി ഇത് കാരണം വ്യാപാരികള്‍ക്കു ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. 163 അലങ്കാര മത്സ്യ–മൃഗ വ്യാപാര സ്ഥാപനങ്ങളാണ് ഇടുക്കി ജില്ലയിൽ മാത്രം പ്രവർത്തിക്കുന്നത്. കോവിഡ് ഭീതിയില്‍ തുടർച്ചയായ് കടകള്‍ക്ക് പൂട്ടു വീണതോടെ വിൽപനയ്ക്കായ് അക്വോറിയങ്ങളിലും മറ്റും വളർത്തിയിരുന്ന മത്സ്യങ്ങളെ പരിരക്ഷിക്കാനായില്ല. രണ്ടാഴ്ചയെങ്കിലും കൂടുമ്പോൾ വെള്ളംമാറ്റുകയും ഫിൽട്ടർ, പമ്പ് മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ ശുചിയാക്കുകയും ചെയ്യേണ്ടതാണ്. കടകൾ തുറക്കാത്തതുമൂലം ഈ പ്രവർത്തികൾ നടന്നില്ലന്നു മാത്രമല്ല തീറ്റ പോലും കൊടുക്കാൻ സാധിച്ചില്ല. ഇതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപോയി.
വില കൂടിയ മത്സ്യങ്ങളായ ഓസ്കർ ,ഷാർക്ക്, കോമറ്റ്, സെയിൽ ടെയിൽ, ലയൺ ഹെഡ്, തുടങ്ങിയവയാണ് ചത്തതിൽ ഏറെയും. വെള്ളം മാറാതായതോടെ പായൽ പിടിച്ച് അക്വാറിയങ്ങൾ പൂർണ്ണമായും ശുചീകരിക്കേണ്ട സ്ഥിതിയാണ്. കിലോ കണക്കിന് മീൻ തീറ്റയും പൂപ്പൽ ബാധിച്ച് നശിച്ചു. ലോണെടുത്തും മറ്റും കടകള്‍ തുടങ്ങിയവർ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. എറണാകുളം, മധുര, ചെന്നൈ, തുടങ്ങിയിടങ്ങളിൽ നിന്നാണ് മത്സ്യങ്ങളെ എത്തിച്ചിരുന്നത്. യാത്രാ വിലക്കുകൾ തുടരുന്നതിനാൽ പുതിയ മത്സ്യങ്ങളെ എത്തിക്കാനുമാകുന്നില്ല.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷ കേരളം - മത്സ്യ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയാൻ