പുതിയ സാമ്പത്തിക വർഷം ആരംഭിച്ചപ്പോൾ ഗ്യാസ് ഉപഭോക്താക്കൾക്ക് ആശ്വാസവാർത്ത. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു. 19 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് 92 രൂപയാണ് കുറഞ്ഞത്. മാർച്ചിൽ മാത്രം 350 രൂപയാണ് വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത്.
കൂടുതൽ വാർത്തകൾ: എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡെന്ന നേട്ടത്തിലേക്ക് കണ്ണൂർ ജില്ല
നിലവിൽ 19 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് കൊച്ചിയിൽ 2034 രൂപ, ഡൽഹിയിൽ 2028 രൂപ, കൊൽക്കത്തയിൽ 2132 രൂപ, മുംബൈയിൽ 1980 രൂപ, ചെന്നൈയിൽ 2192.50 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറിന്റെ വിലയിൽ മാറ്റമൊന്നുമില്ല. 1110 രൂപയാണ് ഗാർഹിക സിലിണ്ടറിന് ഈടാക്കുന്നത്.
ഈ വർഷം ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് വാണിജ്യ പാചക വാതക വിലയിൽ മാറ്റം വരുന്നത്. ജനുവരി 1ന് 25 രൂപയും, മാർച്ച് 1ന് 350 രൂപയും കൂട്ടിയതിന് പിന്നാലെയാണ് ഇപ്പോൾ വില കുറച്ചത്. ഗാർഹിക ഗ്യാസ് സിലിണ്ടറിന് കഴിഞ്ഞ വർഷം ജൂലൈയിലാണ് വില കൂട്ടിയത്.