1. രാജ്യത്ത് എൽപിജി സിലിണ്ടർ വിലയിൽ വീണ്ടും വർധനവ്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 21 രൂപയാണ് കൂടിയത്. ഇതോടെ ന്യൂഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 1796.50, കൊൽക്കത്തയിൽ 1908 രൂപ, മുംബൈയിൽ 1749 രൂപ, ചെന്നൈയിൽ 1968.50 എന്നിങ്ങനെയാണ് നിരക്ക് ഉയർന്നത്. കഴിഞ്ഞ നവംബർ 1ന് 100 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്ക് ഉയർത്തിയത്. കഴിഞ്ഞ നവംബറിൽ പാചക വാതക സിലിണ്ടറിന് 102 രൂപയാണ് വർധിപ്പിച്ചിരുന്നത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
2. കണ്ണൂരിൽ വനാമി ചെമ്മീൻ വിത്തുല്പാദന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. മാപ്പിളബേ ചെമ്മീൻ വിത്തുല്പാദന കേന്ദ്രം നവീകരിച്ചാണ് വനാമി ചെമ്മീൻ വിത്തുകളുടെ ഉത്പാദനം തുടങ്ങിയത്. മത്സ്യകർഷകർക്ക് ഉന്നത നിലവാരത്തിലുള്ള ചെമ്മീൻ വിത്തുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി 1990ലാണ് ചെമ്മീൻ വിത്തുല്പാദന കേന്ദ്രം മത്സ്യഫെഡ് ആരംഭിച്ചത്. കേരളത്തിൽ പ്രവർത്തിക്കുന്ന സർക്കാർ മേഖലയിലെ ആദ്യത്തെ വനാമി ചെമ്മീൻ വിത്തുല്പാദന കേന്ദ്രമാണിത്. ഗുണനിലവാരമുള്ള ചെമ്മീൻ വിത്തുകൾ ഡിസംബർ ഏഴോടെ വിൽപ്പനയ്ക്ക് തയ്യാറാകും. ആവശ്യമുള്ളവർ മാനേജർ, മത്സ്യഫെഡ് വനാമി ചെമ്മീൻ വിത്തുല്പാദന കേന്ദ്രം, ഫിഷറീസ് കോപ്ലക്സ്, മാപ്പിള ബേ, കണ്ണൂർ, ഫോൺ: 9526041127, 9567250558.
കൂടുതൽ വാർത്തകൾ: 2 മാസത്തെ ക്ഷേമ പെൻഷൻ ഡിസംബറിൽ നൽകുമെന്ന് സൂചന!
3. ഭക്ഷണക്രമത്തിൽ ചെറുധാന്യങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വളരെ വലുതെന്ന് ഹൈബി ഈഡൻ എം.പി. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മില്ലറ്റ് ഫെസ്റ്റിലെ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വേഗത്തിൽ വികസനം നടക്കുന്ന എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പൊക്കാളി കൃഷി ചെയ്യുന്നത്. കോട്ടുവള്ളിയിൽ മില്ലറ്റ് കൃഷി വ്യാപകമാണെന്നും കുടുംബശ്രീയുടെ മില്ലറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനം സമൂഹത്തിൽ വലിയ അവബോധമാണ് സൃഷ്ടിക്കുന്നതെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആകാശവാണി, കുടുംബശ്രീ, ലയൺസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ മില്ലറ്റ് ഫെസ്റ്റ് നടക്കുന്നത്.
4. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ കര്‍ഷകരില്‍നിന്നും സംഭരിച്ച നെല്ലിന്റെ വില പി.ആര്‍.എസ് വായ്പയായി നല്‍കുന്നത് ഊര്‍ജിതമാക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ അറിയിച്ചു. ബാങ്കുകളുമായി ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം അറിയിച്ചത്. കര്‍ഷകര്‍ക്ക് തുക നല്‍കുന്നതിന് ആവശ്യമായ സഹകരണം ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് എസ്.ബി.ഐ, കനറാ ബാങ്ക് പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കി. പാലക്കാട് ജില്ലയില്‍ 31,395 കര്‍ഷകരില്‍ നിന്നായി 35,988 മെട്രിക് ടണ്‍ നെല്ലാണ് ശേഖരിച്ചിട്ടുള്ളത്.സംസ്ഥാനത്താകെ 70,355.88 മെട്രിക് ടണ്‍ നെല്ല് ഇതുവരെ സംഭരിച്ചു.