1. രണ്ട് മാസത്തെ ആശ്വാസത്തിന് ശേഷം എൽപിജി സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. കഴിഞ്ഞ 2 മാസവും സിലിണ്ടറിന് വില കുറച്ചിരുന്നു. സെപ്റ്റംബറിൽ വാണിജ്യ സിലിണ്ടറുകൾക്ക് 160 രൂപയാണ് കുറച്ചത്. പുതിയ നിരക്ക് പ്രകാരം, കൊച്ചിയിൽ 1747.50 രൂപയും, ഡൽഹിയിൽ 1731.50 രൂപയുമാണ് വില ഈടാക്കുക. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില വർധനവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സിലിണ്ടറിന് ഇത്തവണ വില കൂട്ടിയത്.
കൂടുതൽ വാർത്തകൾ: പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന; അവസാന തീയതി നാളെ
2. പോഷക സമൃധി മിഷൻ വഴി ഓരോ വർഷവും 25,000 കുടുംബങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. വീയപുരം പോട്ടകളയ്ക്കാട് പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും കൃഷിയുടെ കാര്യത്തിൽ വിളവ് കുറഞ്ഞാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും, ഓരോ വർഷവും പച്ചക്കറികൾ, പഴവർഗങ്ങൾ, ഇലവർഗങ്ങൾ, മില്ലറ്റ്സ്, എന്നിവയെല്ലാം ഉൽപ്പാദിപ്പിക്കുന്നതിന് 25,000 കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പോഷകസമൃദ്ധി മിഷന്റെ ലക്ഷ്യമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
3. സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഇടുക്കി ജില്ലയിലെ കർഷകർക്കായി നടത്തുന്ന സിറ്റിങ് ഈ മാസം നാല്, അഞ്ച്, ആറ് തീയതികളിൽ നടക്കും. ഇടുക്കി-പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽലാണ് സിറ്റിങ് നടക്കുക. കമ്മീഷൻ ചെയർമാൻ (റിട്ട) ജസ്റ്റിസ് കെ.ആബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും സിറ്റിങിൽ പങ്കെടുക്കും. എല്ലാ ദിവസവും രാവിലെ 9ന് സിറ്റിങ് ആരംഭിക്കും. ഹിയറിങ്ങിനു ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്നാണ് അറിയിപ്പ്.