ഇന്ന് എൽപിജി കണക്ഷനില്ലാത്ത വീടുകളില്ലെന്ന് തന്നെ പറയാം. അതായത്, രാജ്യത്തെ ദശലക്ഷക്കണിക്കിനുള്ള വീടുകളിൽ പരമ്പരാഗത അടുപ്പുകളെയും കൂടാതെ, എൽപിജി സിലിണ്ടറുകളെയും ആശ്രയിക്കുന്നു. എന്നാൽ, പാചക വാതകത്തിന്റെ വില കുത്തനെ ഉയരുന്നതിനാൽ അത് സാധാരണക്കാരന് താങ്ങാവുന്നതിലും അധികമാണ്. അതിനാൽ അടുപ്പ് കത്തണമെങ്കിൽ സബ്സിഡികളോ എൽപിജിയ്ക്കുള്ള ഓഫറുകളോ ആശ്രയിക്കാതെ വയ്യെന്ന് തന്നെ പറയാം. എന്നാലും അടുക്കള ബജറ്റ് അധികമാകുന്ന ചെലവാണ് എൽപിജി സിലിണ്ടറുകൾക്കായി ഈടാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: LPG Best Offer: സൗജന്യമായും വിലയിളവിലും ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത്
എന്നാൽ, എൽപിജി സിലിണ്ടറുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നതിനായി ഇന്ത്യാ ഗവൺമെന്റ് പൊതുജനങ്ങൾക്കായി അനുവദിച്ചിരിക്കുന്ന സബ്‌സിഡികളെ കുറിച്ച് വ്യക്തമായി അറിഞ്ഞാൽ ഇത്തരം അധിക ചെലവ് ഒഴിവാക്കാം. എന്നാൽ, ഇങ്ങനെയുള്ള ആനുകൂല്യത്തിന് നിങ്ങൾ അർഹത നേടണമെങ്കിൽ, നിങ്ങളുടെ അക്കൗണ്ട്, ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കണമെന്നത് നിർബന്ധമാണ്.
ആധാറും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഇങ്ങനെ സബ്സിഡി ഉറപ്പാക്കാവുന്നതാണ്. ഇത്തരത്തിൽ ആധാർ കാർഡും എൽപിജിയും ഓൺലൈനായി എങ്ങനെ ലിങ്ക് ചെയ്യാമെന്നാണ് ചുവടെ വിവരിക്കുന്നത്.
എൽപിജി കണക്ഷനും ആധാറും എങ്ങനെ ലിങ്ക് ചെയ്യാം? (How to Link Aadhaar to your LPG Connection?)
നിങ്ങളുടെ ആധാർ കാർഡും എൽപിജി കണക്ഷനും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ലിങ്ക് ചെയ്യാൻ താഴെയുള്ള ഘട്ടങ്ങൾ പാലിക്കുക:
ഘട്ടം 1: ഇതിനായി ആദ്യം നിങ്ങൾ uidai.gov.in എന്ന സൈറ്റ് തുറന്ന് ലോഗിൻ ചെയ്യുക.
ഘട്ടം 2: ആധാർ ലിങ്കിങ്ങിനായി ഈ പേജിലെ ഫോം പൂരിപ്പിക്കുക. ഈ ഫോമിൽ നിങ്ങളുടെ പേര്, ജില്ല, സംസ്ഥാനം എന്നിങ്ങനെയുള്ള വ്യക്തിഗത വിവരങ്ങളാണ് ആവശ്യപ്പെടുന്നത്.
ഘട്ടം 3: നിങ്ങൾക്ക് ആവശ്യമുള്ള സേവനം ഏതെന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇതിൽ LPG എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഇതിന് ശേഷം നിങ്ങളുടെ ഗ്യാസ് ദാതാവിന്റെ പേര് ടൈപ്പ് ചെയ്യുക. ഉദാഹരണത്തിന്, നിങ്ങൾ ഇൻഡെൻ ഗ്യാസ് ഉപഭോക്താക്കളാണെങ്കിൽ, 'IOCL' എന്ന് ടൈപ്പ് ചെയ്യണം. ഭാരത് ഗ്യാസ് കണക്ഷനുള്ള വ്യക്തികൾ 'BPCL' എന്നും ടൈപ്പ് ചെയ്യണം.
ഘട്ടം 5: ഡ്രോപ്പ്-ഡൗൺ ഓപ്ഷനിൽ നിന്ന് നിങ്ങളുടെ എൽപിജി വിതരണക്കാരനെ തെരഞ്ഞെടുക്കുക. തുടർന്ന് ഗ്യാസ് കണക്ഷന്റെ കസ്റ്റമർ നമ്പർ നൽകുക.
ഘട്ടം 6: ഇതിന് ശേഷം നിങ്ങളുടെ ഫോൺ നമ്പർ, ഇമെയിൽ വിലാസം, ആധാർ നമ്പർ എന്നിവ നൽകുക. സബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുന്നതിന് മുൻപായി നിങ്ങൾ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് വീണ്ടും പരിശോധിക്കുക. രണ്ട് തവണയെങ്കിലും ഇത് പരിശോധിക്കേണ്ടതുണ്ട്.
ഘട്ടം 7: സബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലേക്കും ഇമെയിൽ വിലാസത്തിലേക്കും ഒരു OTP ലഭിക്കും.
ഘട്ടം 8: ഈ സുരക്ഷാ നമ്പർ നിങ്ങൾ നൽകിയിട്ടുള്ള കോളത്തിൽ ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങൾ നൽകിയ വിവരങ്ങൾ അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തിക്കഴിഞ്ഞാൽ എൽപിജി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചുവെന്ന് പറയാം.
ഇത്തരത്തിൽ ആധാറുമായി ബന്ധിപ്പിക്കേണ്ട പ്രക്രിയകൾ പൂർത്തിയാക്കിയാൽ 79 രൂപ മുതൽ 237 രൂപ വരെ സബ്സിഡിയോടെ നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ വാങ്ങാം.