പാചകവാതക വില ദിനംപ്രതി ഉയരുന്ന പശ്ചാത്തലത്തിൽ, എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് സബ്സിഡി ലഭിക്കുക എന്നത് സാധാരണക്കാരന് വലിയ ആശ്വാസമാണ്. വാര്‍ഷിക വരുമാനം 10 ലക്ഷത്തിൽ കുറവുള്ളവർക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സബ്സിഡി ആനുകൂല്യത്തിന്റെ ഉപയോക്താവാണ് നിങ്ങളെങ്കിൽ ഇപ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ പണം എത്തിയോ എന്നത് തീർച്ചയായും പരിശോധിക്കണം.
ഒരു സിലിണ്ടറിന് 79.26 രൂപ മുതൽ 237.78 രൂപ വരെയുള്ള സബ്‌സിഡികളാണ് നിലവിൽ കേന്ദ്ര സർക്കാർ നൽകുന്നത്. എൽപിജി ഗ്യാസ് വാങ്ങുന്നവർക്ക് ഒരു സിലിണ്ടറിന് 79.26 രൂപ സബ്‌സിഡി ലഭിക്കും. സബ്‌സിഡിയായി എത്ര രൂപയാണ് ലഭിക്കുന്നതെന്ന് പലരും ആശയക്കുഴപ്പത്തിലാകാറുണ്ട്.
ഇത് പലർക്കും വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത്, എൽപിജി സബ്‌സിഡി തുക 79.26 രൂപ, 158.52 രൂപ, 237.78 രൂപ ഇങ്ങനെ പല രീതിയിലായിരിക്കും പലർക്കും ലഭിക്കുക.
നിങ്ങൾക്ക് സബ്സിഡി ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന് എങ്ങനെ പരിശോധിക്കാം
-
ഇതിനായി ആദ്യം നിങ്ങൾ ഇന്ത്യൻ ഓയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.mylpg.in) തുറക്കുക.
-
സബ്‌സിഡി സ്റ്റാറ്റസ് സെലക്ട് ചെയ്യുക.
-
അതിനുശേഷം സബ്‌സിഡി റിലേറ്റഡ് (PAHAL)തെരഞ്ഞെടുക്കണം. സബ്‌സിഡി നോട്ട് റിസീവ്ഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
-
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും എൽപിജി ഐഡിയും നൽകുക.
-
ശേഷം ഇത് രണ്ടുതവണ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം അപ്ലൈ ചെയ്യാം. നിങ്ങൾ ആവശ്യപ്പെട്ട വിവരങ്ങൾ ഇപ്പോൾ നിങ്ങളുടെ മുന്നിലുണ്ടാകും.
എൽപിജി സബ്സിഡിക്ക് അർഹരായ ആളുകൾ
എൽപിജി സബ്‌സിഡി ഓരോ സംസ്ഥാനത്തിനും അനുസരിച്ച് വ്യത്യാസപ്പെടുന്നു. അതുപോലെ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ വാർഷിക വരുമാനമുള്ളവർ സബ്‌സിഡിയ്ക്ക് അർഹരല്ല.
ഈ 10 ലക്ഷം രൂപ വാർഷിക വരുമാനത്തിൽ ഭാര്യയുടെയും ഭർത്താവിന്റെയും വരുമാനം ഉൾപ്പെടുത്തണം. അതായത്, നിങ്ങളുടെ കൂട്ടായ വരുമാനം 10 ലക്ഷമോ അതിൽ കൂടുതലോ ആണെങ്കില്‍ നിങ്ങൾക്ക് സബ്‌സിഡി ലഭിക്കില്ല.
അതേ സമയം, ഗ്യാസ് സിലിണ്ടറിന്റെ ഭാരം കുറയ്ക്കാനായുള്ള ആലോചനയിലാണ് കേന്ദ്ര സർക്കാർ. ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുന്നതിന് സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണ് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന 14 കിലോ സിലിണ്ടറിന്റെ ഭാരം കുറയ്ക്കാനായി ഒരുങ്ങുന്നത്. സിലിണ്ടറുകളുടെ ഭാരം കുറയ്ക്കാൻ വ്യത്യസ്തമായ നപടികൾ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിട്ടുണ്ട്.
14.2 കിലോഗ്രാമിൽ നിന്ന് 5 കിലോഗ്രാം വരെയായി സിലിണ്ടര്‍ വില കുറച്ചേക്കുമെന്ന് വാർത്തകളുണ്ട്. പാചക വാതക സിലിണ്ടർ വില കുറയ്ക്കുമോ എന്ന വാർത്തകൾക്ക് ഇടയിലാണ് സിലിണ്ടറിന്റെ ഭാരം കുറയ്ക്കുന്നതുമായി സർക്കാർ മുന്നോട്ട് പോകുന്നത്.
കൂടാതെ, ഒരു ഡീലർക്ക് പകരം മൂന്ന് ഡീലർമാരിൽ നിന്ന് ഒരേസമയം ഉപഭോക്താക്കൾക്ക് ഗ്യാസ് ബുക്ക് ചെയ്യുന്നതിനുള്ള മാർഗങ്ങളും സർക്കാർ തയ്യാറാക്കി വരികയാണ്. കുറഞ്ഞ രേഖകളിൽ എൽപിജി കണക്ഷൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്.