ഇടുക്കി ജില്ലയിലെ മികച്ച പച്ചക്കറി കർഷകയ്ക്കുള്ള പുരസ്‌കാരം കട്ടപ്പന പിരിയാനിക്കൽ ലൂസി തോമസിന്. സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയിലെ" ഓണത്തിന് ഒരു മുറം "പച്ചക്കറി വിഭാഗത്തിലാണ് വീട്ടമ്മയ്ക്ക് പ്രഥമ പുരസ്‌കാരം ലഭിച്ചത്.
സംസ്ഥാന തല മത്സരത്തിലേക്ക് ലൂസിയെ പരിഗണിച്ചിട്ടുണ്ട്.
വീട്ടുവളപ്പിലെ പറമ്പിലുമായി 30 ൽ പരം പച്ചക്കറികളാണ് വീട്ടമ്മ സ്വന്തമായി കൃഷി ചെയ്തു വിളവെടുക്കുന്നത്. പാവൽ , പടവലം, അച്ചിങ്ങ പയർ ബീൻസ്, വഴുതന, വെണ്ടയ്ക്ക, ക്യാരറ്റ് , ബീറ്റ്‌റൂട്ട് , ക്യാബേജ്, ചീര, തക്കാളി, ഉള്ളി സവാള, കറിവേപ്പില, മല്ലിയില, മത്തങ്ങാ, കോവയ്ക്ക, ഉരുളക്കിഴങ്ങു ചേന, ചേമ്പ് , ഏത്തവാഴ, ഇഞ്ചി , മഞ്ഞൾ, കാന്താരി, കുമ്പളങ്ങാ, തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. വീട്ടിലെ ആവശ്യത്തിനുള്ള എല്ലായിനം പച്ചക്കറികളും സ്വന്തമായി ഉത്പാദിപ്പിക്കുന്നതിനാൽ കഴിഞ്ഞ മൂന്നു വർഷമായി പുറത്തുനിന്നു പച്ചക്കറികൾ ഒന്നും വാങ്ങുന്നില്ല. ബന്ധുക്കൾക്കും അയൽ വാസികൾക്കും നൽകി മിച്ചമുള്ളതു കട്ടപ്പനയിലെ കാർഷിക വിപണിയിലേക്കും നൽകും. സ്വന്തമായി ഉത്പാദിപ്പിച്ച പിരിയൻ മുളകും മഞ്ഞളും പൊടിച്ചും ഉപയോഗിക്കും.ആവശ്യത്തിനുള്ള മുളകുപൊടി ഓരോ വർഷവും ഉത്പാദിപ്പിച്ച മുളകിൽ നിന്നാണ് തയ്യാറാക്കുന്നത്. ജൈവ കൃഷി രീതി അവലംബിക്കുന്നതിനാൽ ശരീരത്തിനും ഏറെ ഗുണപ്രദമാണ്. വളമായി പച്ചിലകൾക്കു പുറമെ വേപ്പിൻ പിണ്ണാക്കും ചാണകവും മണ്ണിര കമ്പോസ്റ്റുമാണുപയോഗിക്കുന്നത്.
കീട നിയന്ത്രണത്തിനായി വേപ്പിൻ പിണ്ണാക്കും വേപ്പെണ്ണയും വെളുത്തുള്ളി കഷായവും ഉപയോഗിക്കുന്നു. പച്ചക്കറി കൃഷിയുടെ യഥാർത്ഥ പ്രയോജനം ഉണ്ടായതു ലോക് ഡൗൺ കാലത്താണ്. ഒരിക്കലും വീട്ടിലെ കറികൾക്ക് ക്ഷാമമുണ്ടായില്ല. അയൽവാസികൾക്കും ബന്ധുക്കൾക്കും നൽകുകയും കൃഷി കൂടുതൽ പരിപോഷിപ്പിക്കുകയും ചെയ്തു. കട്ടപ്പന കൃഷി ഭവൻ ഉദ്യോഗസ്ഥരായ അനീഷ് പി കൃഷ്ണൻ, സുരേഷ് നീലാംബരി, സോണി ജോസഫ് എന്നിവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ലൂസി കൃഷി നടത്തിയത്. ഹരിത ഗ്രൂപ്പ് പ്രസിഡന്റ് കെ വി മധു റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ജോർജുകുട്ടി എന്നിവർ ലൂസിയെ അഭിനന്ദിച്ചു. ഭർത്താവ് തോമസ് ജോസ്, മകൻ അമൽ എന്നിവരും കൃഷിയിൽ സഹായിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുഞ്ഞിത്തൈയിൽ സ്ത്രീ കൂട്ടായ്മയിൽ വിളഞ്ഞത് നൂറുമേനി പച്ചക്കറികൾ
#Idukki #Agriculture #Onathinuorumurampachakkari #Kerala #Vegetable