കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യം ലോക്ക് ഡൌണിലായപ്പോൾ ബുദ്ധിമുട്ടിലായത് ചെറുകിട തൊഴിലാളികളും വ്യവസായികളുമാണ്. എന്നാല്‍, കോവിഡ് കാരണം ദുരിതമനുഭവിക്കുന്ന വാഴകൃഷി നടത്തുന്ന കര്‍ഷര്‍ക്ക് വലിയ സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.
കമ്പനിയിലെ ക്യാന്‍റീനുകളില്‍ തൊഴിലാളികള്‍ക്ക് വാഴയിലയില്‍ ഭക്ഷണം നല്‍കുന്നതിലൂടെയാണ് വലിയ സഹായം ആനന്ദ് മഹീന്ദ്ര നല്‍കിയത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക പത്മ രാമനാഥാണ് ഈ ആശയം ആനന്ദ് മഹീന്ദ്രയുടെ മുന്നില്‍ വെച്ചത്. ഇതിലൂടെ ഒരുപാട് വാഴ കര്‍ഷകര്‍ക്ക് അത് സഹായമാകുമെന്നും പത്മ പറഞ്ഞിരുന്നു.
തൊഴിലാളികള്‍ക്ക് വാഴയിലയില്‍ ഭക്ഷണം നല്‍കിയ ചിത്രങ്ങള്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ചു. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്ന ഓരോരുത്തര്‍ക്കും പ്രത്യേകം വെള്ളവും നല്‍കുന്നുണ്ട്. ട്വീറ്റ് വൈറലാവുകയും ചെയ്തു. മഹീന്ദ്ര ഗ്രൂപ്പിനെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.