മലപ്പുറം: ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയാണ് പൈതൃക മ്യൂസിയമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ചരിത്രപരവും നിർമ്മിതിപരവുമായ പ്രാധാന്യം കണക്കിലെടുത്ത് ഹജൂർ കച്ചേരി മന്ദിരവും സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടവും സംരക്ഷിത സ്മാരകമായി പുരാവസ്തുവകുപ്പ് പ്രഖ്യാപിച്ചു. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കിയ തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരത്തിൽ ജില്ലാ പൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സംരക്ഷണ പ്രവർത്തനം പൂർത്തിയാക്കിയ തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു.
കൂടുതൽ വാർത്തകൾ: പെൺകുട്ടികളുടെ മാതാവിന് ധനസഹായം; പദ്ധതി കേരളത്തിലും
മന്ത്രിയുടെ വാക്കുകൾ..
"നാടിന്റെ ചരിത്രവും പൈതൃകവും ശരിയായി മനസിലാക്കേണ്ടത് അനിവാര്യമായിരിക്കുന്ന ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിന് നമ്മുടെ കഴിഞ്ഞകാലം എങ്ങനെയായിരുന്നുവെന്ന കാര്യം പുതിയ തലമുറയിലേക്ക് പകർന്നു നൽകണം. അതിനുള്ള മികച്ച ഉപാധികളാണ് മ്യൂസിയങ്ങളും സ്മാരകങ്ങളും. ഭാവി തലമുറയ്ക്ക് ചരിത്രം പഠിക്കുന്നതിനായി അവ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വമാണ് സർക്കാർ നിർവഹിക്കുന്നത്.
അതിന് ഓരോ പ്രദേശത്തെയും ജനങ്ങളുടെ പിന്തുണകൂടി ആവശ്യമാണ്. ഇതിനായി സ്മാരകങ്ങൾ സംരക്ഷിച്ചും മ്യൂസിയങ്ങൾ സ്ഥാപിച്ചും പഠന ഗവേഷണങ്ങൾ പ്രോത്സാഹിപ്പിച്ചും സർക്കാർ മുന്നോട്ടുപോകും", മന്ത്രി പറഞ്ഞു. സംരക്ഷിത സ്മാരകമായ ഹജൂർ കച്ചേരി മന്ദിരത്തിന്റെ സമഗ്ര സംരക്ഷണ പ്രവർത്തനങ്ങൾക്ക് 58 ലക്ഷം രൂപ സംസ്ഥാന പുരാവസ്തു വകുപ്പ് ചെലവഴിച്ചു. 4 കോടി രൂപ മതിപ്പുചെലവ് പ്രതീക്ഷിക്കുന്ന ജില്ലാ പൈതൃക മ്യുസിയം ജില്ലയുടെ കാർഷിക, സാംസ്‌കാരിക, രാഷ്ട്രീയ, ഭൂമിശാസ്ത്ര ജീവിതങ്ങളുടെ നാൾവഴികളും, ബ്രട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന കഥകളുടെയും ഓർമപ്പെടുത്തലുകളാണ്.
ജില്ലയുടെ ചരിത്രത്തിലേക്കും വൈവിധ്യമാർന്ന പൈതൃകങ്ങളിലേക്കും കാഴ്ചക്കാരെ നയിക്കുന്ന വിവിധ പദ്ധതികളാണ് ജില്ലാ പൈതൃക മ്യൂസിയത്തിനായി തയ്യാറാക്കിയിരിക്കുന്നത്. പ്രദർശന വസ്തുക്കൾക്കൊപ്പം ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മ്യൂസിയം നോഡൽ ഏജൻസിയായ കേരളം ചരിത്ര പൈതൃക മ്യൂസിയമാണ് പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ വിശദ പദ്ധതി രൂപരേഖ തയ്യാറാക്കിയത്.