തിരുവനന്തപുരം: കേരളത്തിലെ അലങ്കാര മത്സ്യകൃഷിയുടെ ആഭ്യന്തര - അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പരിശോധിച്ച് വിപുലീകരിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് എന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന മത്സ്യ വകുപ്പും കേരള അക്വാ വെഞ്ചേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡും (കാവില്‍) സംയുക്തമായി വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'കേരളത്തിന്റെ അലങ്കാര മത്സ്യകൃഷി സാധ്യതകള്‍' എന്ന വിഷയത്തിലെ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി അലങ്കാര മത്സ്യകൃഷി മേഖലയില്‍ 36.70 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധേയമായ അലങ്കാര മത്സ്യകൃഷിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനും മേഖലയിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. അലങ്കാരമത്സ്യ മൊത്ത ഉത്പാദനത്തിനും ആഭ്യന്തര വിപണനത്തിനും കയറ്റുമതിയ്ക്കുമായി കേരള സര്‍ക്കാര്‍ സ്ഥാപിച്ച കമ്പനിയായ കാവിലിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2022- 23 വര്‍ഷങ്ങളിലായി 6.8 ലക്ഷം അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെയാണ് കാവില്‍ സ്വന്തമായി ഉത്പാദിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രധാന മന്ത്രി മത്സ്യ സമ്പാദയോജന പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണവും ചടങ്ങില്‍ നടന്നു. ആന്‍ണിരാജു എം.എല്‍.എ അദ്ധ്യക്ഷനായി.
സംസ്ഥാനത്തെ അലങ്കാര മത്സ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനും മേഖലയില്‍ ശ്രദ്ധേയമായ വികസനം കൈവരിക്കുന്നതിനുമായാണ് മത്സ്യ വകുപ്പ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്. വിവിധ ജില്ലകളില്‍ നിന്നുള്ള 200 ഓളം അലങ്കാര മത്സ്യകര്‍ഷകര്‍, മത്സ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അലങ്കാര മത്സ്യമേഖലയിലെ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു. തേവര എസ്. എച്ച് കോളേജ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫിഷ് പ്രോസസ്സിംഗ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ പ്രൊഫസര്‍ ടി. വി അന്ന മേഴ്സി മുഖ്യ പ്രഭാഷണം നടത്തി. മത്സ്യ വിപണനത്തിനായുള്ള വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
ഫിഷറീസ് ഡയറക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഐ.എ.എസ്, തിരുവനന്തപുരം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, ഫിഷറീസ് ജോയിന്‍ ഡയറക്ടര്‍ ( അക്വാ ) എച്ച്.സലീം, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സ്മിത ആര്‍. നായര്‍ തുടങ്ങിയവര്‍ ഏകദിന ശില്പശാലയുടെ ഭാഗമായി.