മത്സ്യവും, മത്സ്യ വിഭവങ്ങളുമായി മത്സ്യഫെഡിൻ്റെ തിരുവനന്തപുരം നഗരത്തിലെ രണ്ടാമത്തെ മൊബൈൽ ഫിഷ്മാർട്ട് (അന്തിപ്പച്ച) പ്രവർത്തനമാരംഭിച്ചു.പച്ച മീനിനു പുറമെ, മത്സ്യ അച്ചാറുകൾ, മത്സ്യ കട്‌ലറ്റ്, റെഡി റ്റു ഈറ്റ് (ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തിപ്പൊടി), റെഡി റ്റു കുക്ക് (മത്സ്യകറിക്കൂട്ടുകൾ, ഫ്രൈമസാല) വിഭവങ്ങൾ, കൈറ്റോൺ ഗുളികകൾ എന്നിവയാണ് ഫിഷ് മാർട്ട് വഴി വിപണനം ചെയ്യുന്നത്.
മൊബൈൽ ഫിഷ്മാർട്ട് വൈകിട്ട് 3.30 ന് പുജപ്പുരയിൽ നിന്ന് ആരംഭിച്ച് ജഗതി (4.30) കവടിയാർ (5.30) കുറവൻകോണം (6.30) പട്ടം (7.30) എന്നീ സ്ഥലങ്ങളിൽ വിപണനം നടത്തും. രാത്രി 8.30 വരെ പച്ചമത്സ്യം ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നതാണു പ്രത്യേകത. മൊബൈൽ ഫിഷ് മാർട്ടിന്റെയും ആനയറയിൽ പ്രവർത്തനമാരംഭിക്കുന്ന മൂന്നാമത്തെ ഹൈ-ടെക് മത്സ്യവിൽപനശാലയുടെയും ഉദ്ഘാടനം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിർവഹിച്ചു.
മുതലപ്പൊഴി മുതൽ വിഴിഞ്ഞം വരെയുള്ള മേഖലയിൽ നിന്ന് മത്സ്യം നേരിട്ട് ശേഖരിച്ച് ജില്ലയാകെ വിതരണം ചെയ്യുന്നതിനാണ് വേൾഡ് മാർക്കറ്റിൽ മത്സ്യ വിപണന കേന്ദ്രം തുറന്നത്.അന്തിപ്പച്ച മൊബൈൽ വിൽപന കേന്ദ്രം ആദ്യം സെക്രട്ടേറിയറ്റിലാണ് ആരംഭിച്ചത്. കൊല്ലം, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ഇപ്പോൾ മൊബൈൽ വിൽപന കേന്ദ്രങ്ങളുണ്ട്.