1. കേരള കാർഷിക സർവകലാശാല 'കെ അഗ്‌ടെക് ലോഞ്ച്പാഡ്' എന്ന പേരിൽ കാർഷിക ഭക്ഷ്യ അനുബന്ധ വ്യവസായ ഇൻകുബേറ്റർ വെള്ളായണി കാർഷിക കോളേജിൽ സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നബാർഡ്, ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് ഇൻകുബേറ്റർ ആരംഭിക്കുന്നത്. കാർഷിക മേഖലയിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേഷൻ പിന്തുണയും ആശയവൽക്കരണത്തിൽ നിന്നും ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനുള്ള മാർഗനിർദ്ദേശവും അടിസ്ഥാന സൗകര്യങ്ങളും നൽകുകയാണ് 'കെ അഗ്‌ടെക് ലോഞ്ച്പാഡ്' ഇൻകുബേറ്ററിന്റെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനകർമം വെള്ളായണി കാർഷിക കോളേജിൽ മാർച്ച് 14 ന് രാവിലെ 11 മണിക്ക് കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും. അഡ്വ. എം. വിൻസന്റ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നബാർഡ് ചെയർമാൻ ഡോ ഷാജി കെ വി, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ ബി അശോക് തുടങ്ങിയവർ പങ്കെടുക്കും.
2. പട്ടികവർഗ്ഗ ഉപ പദ്ധതിയുടെ ഭാഗമായി കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം കായംകുളം പ്രാദേശിക കേന്ദ്രത്തിൽ 'സുസ്ഥിര നാളികേര കൃഷിയ്ക്ക് യന്ത്രവൽക്കരണം' എന്ന വിഷയത്തിൽ മാർച്ച് 18, 19 തീയതികളിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ള കർഷകർക്ക് പരിശീലനത്തിന് അപേക്ഷിക്കാം. പരിശീലനത്തിൽ പങ്കെടുക്കുന്ന കർഷകർക്ക് സർട്ടിഫിക്കറ്റും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് തെങ്ങു കയറ്റ യന്ത്രവും നൽകുന്നതാണ്. താത്പര്യമുള്ളവർ മാർച്ച് 14 ന് മുൻപ് 0479-2442160 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ നിർബന്ധമായും പരിശീലന സമയത്തു ഹാജരാക്കേണ്ടതാണ്.
3. ഉയർന്ന താപനിലാമുന്നറിയിപ്പ് തുടരുമ്പോഴും സംസ്ഥാനത്ത് ഇന്ന് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. മഴ സാധ്യത പരിഗണിച്ച് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനിലാമുന്നറിയിപ്പ് തുടരുകയാണ്. എല്ലാ ജില്ലകളിലും 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 38°C വരെയും മലപ്പുറം, എറണാകുളം ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ 35°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.