കേരളത്തിലെ നദികള്‍ നശിക്കുന്നുവെന്നു പഠനങ്ങള്‍.ഇരുമ്പടക്കമുള്ള ഘനലോഹങ്ങളുടെ അപകടകരമായ സാന്നിധ്യം കൊണ്ടു കേരളത്തിലെ നദികള്‍ ഗുരുതര മാലിന്യഭീഷണിയിലെന്നു റിപ്പോര്‍ട്ട്. 2014-18 ല്‍ കേരളത്തിലെ വിവിധ നദികളില്‍ നിന്നു ശേഖരിച്ച 7 സാംപിളുകളിലും ഇരുമ്പിൻ്റെ സാന്നിധ്യം അനുവദനീയതുമായതിലും കൂടുതലുണ്ട്. കുറ്റ്യാടി, മൂവാറ്റുപുഴ, പെരിയാര്‍, വളപട്ടണം, കബനി എന്നീ നദികളില്‍ നിന്നു ശേഖരിച്ച സാംപിളുകളിലാണ് ഇരുമ്പിൻ്റെ അംശമുള്ളത്. അച്ചന്‍കോവില്‍, കല്ലട പുഴകളില്‍ ലെഡിന്റെ അളവാണ് കൂടുതലുള്ളത്.
ഇരുമ്പിന് പുറമേ, പെരിയാറില്‍ നിക്കലിന്റെ അംശവും കൂടുതലാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിശ്ചയിച്ചിരിക്കുന്ന ശുദ്ധതാ മാനദണ്ഡ പരിധിക്കു പുറത്താണ് ഈ സാംപിളുകള്‍. കേന്ദ്ര ജല കമ്മിഷന്‍ നദികളിലെ ലോഹ വിഷ സാന്നിധ്യത്തെക്കുറിച്ചു തയാറാക്കിയ പഠന റിപ്പോര്‍ട്ടിലേതാണു കണ്ടെത്തലുകള്‍. രാജ്യത്തെ 67 നദികളുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിച്ച സാംപിളുകളിലായിരുന്നു പരിശോധന. ഇതില്‍ മൂന്നില്‍ രണ്ടു സാംപിളുകളിലും ഒന്നോ അതിലധികമോ ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ട്. ആകെ ശേഖരിച്ച 101 സാംപിളുകളിലും ഒന്നിലധികം ലോഹങ്ങളുണ്ടായിരുന്നു.ഇരുമ്പിൻ്റെ സാന്നിധ്യമാണു മിക്കയിടത്തും പ്രശ്നം.
പ്ലാസ്റ്റിക് അടക്കമുള്ള ഖര മാലിന്യങ്ങള്‍, കക്കൂസ് മാലിന്യങ്ങള്‍, മണല്‍വാരല്‍, അനധികൃത തടയണകളും കൈയേറ്റങ്ങളും തുടങ്ങിയവയാണ് നദികള്‍ നശിക്കാന്‍ കാരണം. വിവിധ നദികളില്‍ നിന്നു ശേഖരിച്ച 156 സാംപിളുകളിലും ഇരുമ്ബിന്റെ അളവ് പരിധിയില്‍ കൂടുതലാണ്. മഴക്കാലത്തും അല്ലാത്തപ്പോഴും ഇവയുടെ അളവില്‍ വ്യത്യാസം വരാറുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഘനലോഹങ്ങളടങ്ങിയ നദീജലത്തിന്റെ നിരന്തര ഉപയോഗം ബലക്ഷയത്തിനും നാഡീവ്യൂഹത്തിന്റെ തളര്‍ച്ചയ്ക്കും കാരണമാകും.