1. ചെറുധാന്യങ്ങളുടെ പ്രോത്സാഹനത്തിനും ഈ മേഖലയിൽ ഇടപെടുന്ന കർഷകരെ സഹായിക്കുന്നതിനുമായി മില്ലറ്റ് ബോർഡ് സ്ഥാപിക്കണമെന്ന് കൃഷി മന്ത്രി ശ്രീ. പി പ്രസാദ്. ഹൈദരാബാദിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച് ആഗോളതലത്തിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ന്യൂട്രി സീറിയൽ കൺവെൻഷനിൽ മുഖ്യാതിഥിയായി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിവകുപ്പ് ഡയറക്ടർ ഡോ.അദീല അബ്ദുള്ള ഐ.എ.എസ്., പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. പി. രാജശേഖരൻ, കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ സുനിൽ തുടങ്ങിയവരും കൺവെൻഷനിൽ പങ്കെടുത്തു. തെലങ്കാന സംസ്ഥാന കൃഷി മന്ത്രി തുമ്മല നാഗേശ്വര റാവുജി, കേന്ദ്ര കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഹിമാൻഷു പഥക്, കർഷക ക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീമതി. ശുഭ ഠാക്കൂർ, ന്യൂട്രി ഹബ് സി.ഇ.ഒ. ഡോ. ബി. ദയാകർ റാവു, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങി കാർഷിക മേഖലയിലെ നിരവധി പ്രമുഖർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
2. മത്സ്യപ്രേമികൾക്കായി ഫിഷ് വോക് സംഘടിപ്പിച്ച് ഐസിഎആർ-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. CMFRI യിലെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ചേർന്നാണ് മത്സ്യപ്രേമികൾക്കൊപ്പം തുറമുഖത്ത് ഇറങ്ങുന്ന മത്സ്യങ്ങളുടെ വൈവിധ്യം നേരിട്ട് അനുഭവിക്കാനായി ഫിഷ് വാക്ക് ആരംഭിച്ചത്. വിവിധ മത്സ്യങ്ങളെക്കുറിച്ചും മറ്റു കടൽ ജൈവവൈവിധ്യങ്ങളെ കുറിച്ചുമുള്ള അറിവുകൾ പൊതുജനങ്ങൾക്കു നൽകാനും ഫിഷ് വോക്കിലൂടെ സാധ്യമായി. മുനമ്പം ഫിഷറീസ് ഹാർബറിലേക്ക് നടത്തിയ ആദ്യഘട്ട പഠനയാത്രയിൽ സിഎംഎഫ്ആർഐയിലെ ഗവേഷക സംഘത്തിനൊപ്പം വിദ്യാർത്ഥികളും മത്സ്യപ്രമികളും പങ്കാളികളായി. ഡോ. മിറിയം പോൾ ശ്രീറാം, ഡോ. രതീഷ് കുമാർ ആർ, അജു രാജു, ശ്രീകുമാർ കെ.എം, സജികുമാർ കെ.കെ എന്നിവരടങ്ങുന്ന സിഎംഎഫ്ആർഐയിലെ വിദഗ്ധസംഘമാണ് ഫിഷ് വോക്കിന് നേതൃത്വം നൽകിയത്. അടുത്ത ഫിഷ് വോക് ഒക്ടോബർ 26ന് ചെല്ലാനത്ത് സംഘടിപ്പിക്കും.
3. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും പത്തനംതിട്ട ഇടുക്കി ജില്ലകളിലും ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കിജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നുണ്ട്.