തിന(Millets)യെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കൊപ്പം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലമായ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി ഭക്തർക്ക് തിന കൊണ്ട് ഉണ്ടാക്കിയ 'പ്രസാദം' നൽകും. ക്ഷേത്രത്തിലെ 'ലഡ്ഡു പ്രസാദം' ഇനി 'ശ്രീ അന്നപ്രസാദം' എന്നറിയപ്പെടുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അടുത്തിടെ, പ്രധാനമന്ത്രി മോദി തിനയെ 'ശ്രീ അന്ന' എന്ന് വിശേഷിപ്പിച്ചു, അതായത് 'എല്ലാ ഭക്ഷ്യധാന്യങ്ങളിലും ഏറ്റവും മികച്ചത്' എന്നാണ്. അതിനാൽ തന്നെ ഇനി മുതൽ ക്ഷേത്രത്തിൽ, ഇത് പ്രസാദമായി നൽകപ്പെടുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശ് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് 'ശ്രീ അന്ന' പ്രസാദമായി നൽകാൻ തീരുമാനിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യവുമായി ബന്ധപ്പെട്ട് വനിതാ സ്വയം സഹായ സംഘങ്ങളാണ് കാശി വിശ്വനാഥ ക്ഷേത്രത്തിലെ 'പ്രസാദം' തയ്യാറാക്കുന്നത്. ഇനി അവർ 'ശ്രീ അന്ന പ്രസാദം' തയ്യാറാക്കുന്നതിൽ ഏർപ്പെടുമെന്ന് വാരണാസി ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ ഹിമാൻഷു നാഗ്പാൽ പറഞ്ഞു.
പ്രസാദത്തിന്റെ വിലയിൽ മാറ്റമില്ല. ഇതിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിന, ശർക്കര, എള്ള്, കശുവണ്ടി, ബദാം, ശുദ്ധമായ നെയ്യ്, ഖോയ എന്നിവയിൽ നിന്നാണ് 'ശ്രീ അന്നപ്രസാദം' നിർമ്മിക്കുന്നതെന്ന് സ്വയം സഹായ സംഘം പ്രസിഡന്റ് സുനിത ജയ്‌സ്വാൾ പറഞ്ഞു. നിലവിൽ 100, 200 ഗ്രാം ലഡ്ഡു അടങ്ങിയ പാക്കറ്റുകൾ ക്ഷേത്രത്തിൽ വിൽപ്പനയ്‌ക്ക് ലഭ്യമാണെന്നും അവർ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: തുർക്കിയിലെ ഭൂകമ്പത്തെ തുടർന്ന് ജമ്മു കശ്മീർ, ഹിമാചൽ ആപ്പിളുകൾക്കുള്ള ഡിമാൻഡ് ഉയരുന്നു