1. സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും 7 രൂപവീതം അധികം നൽകുമെന്ന് മിൽമ. മിൽമ എറണാകുളം മേഖല യൂണിയൻ സംഘങ്ങളിൽ നിന്ന് സംഭരിക്കുന്ന പാലിന് പ്രോത്സാഹന വില നൽകുമെന്ന് ചെയർമാൻ എം.ടി ജയൻ അറിയിച്ചു. ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്കും സംഘങ്ങൾക്കും പ്രയോജനം ലഭിക്കും. അധിക വിലയിൽ ഓരോ ലിറ്റർ പാലിനും 5 രൂപ വീതം കർഷകർക്കും, 2 രൂപ വീതം സംഘത്തിനും നൽകും. പ്രതിദിനം 3 ലക്ഷം ലിറ്റർ പാലാണ് മേഖല യൂണിയൻ സംഭരിക്കുന്നത്.
കൂടുതൽ വാർത്തകൾ: PM Kisan: ആനുകൂല്യം 8,000 രൂപയായി ഉയർത്തും?
2. അപൂർവയിനം നെൽവിത്തുകൾ സംരക്ഷിച്ച് ശ്രദ്ധനേടിയ കർഷകൻ സത്യനാരായണ ബലേരിയ്ക്ക് പത്മശ്രീ പുരസ്കാരം. സ്വദേശത്തും വിദേശത്തും നിന്നുള്ള 650-ലധികം ഇനം നെൽവിത്തുകളാണ് ഇദ്ദേഹം സംരക്ഷിക്കുന്നത്. കാസർകോട് ബെള്ളൂർ ഗ്രാമപഞ്ചായത്തിലെ ബലേരി സ്വദേശിയായ സത്യനാരായണയ്ക്ക് കേന്ദ്രസർക്കാർ പുരസ്കാരമായ പ്ലാന്റ് ജീനോമിന് സേവ്യർ അവാർഡും, സ്വന്തം സ്ഥലത്ത് പ്രകൃതിദത്തവനം സൃഷ്ടിച്ചതിലൂടെ കേരള വനംവകുപ്പിന്റെ വനമിത്ര അവാർഡും ലഭിച്ചിട്ടുണ്ട്. 15 വർഷമായി അപൂർവയിനം നെല്ലുകളെ സംരക്ഷിക്കാൻ തുടങ്ങിയിട്ട്. പാരമ്പര്യമായി ലഭിച്ച ഒരേക്കർ സ്ഥലത്ത് നെല്ല് കൂടാതെ, ഔഷധ സസ്യങ്ങളും നിരവധി മരങ്ങളും നട്ടുപിടിപ്പിച്ച് സ്വാഭാവിക വനം നിർമിച്ച് പക്ഷികൾക്കും ജീവികൾക്കും സംരക്ഷണമൊരുക്കുകയാണ് ഇദ്ദേഹം.
3. തേനീച്ച വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. കൊട്ടാരക്കര കില സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്‌മെന്റ് വികസന പരിശീലന കേന്ദ്രത്തില്‍ ജനുവരി 29 മുതല്‍ 31 വരെയാണ് പരിശീലനം നടക്കുക. തിരുവനന്തപുരം, പത്തനതിട്ട, കോട്ടയം ജില്ലകളിലെ എല്ലാ ബ്ലോക്കുകളില്‍ / പഞ്ചായത്തുകളില്‍ നിന്നും എസ് എച്ച് ജി/ എന്‍ എച്ച് ജി/ കുടുംബശ്രീ അംഗങ്ങള്‍/ ഹരിത കര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. ഫോണ്‍. 9496687657, 9496320409.
4. കടങ്ങോട് ഗ്രാമപഞ്ചായത്തിൽ അടുക്കള മുറ്റത്ത് പച്ചക്കറി കൃഷി പദ്ധതിയ്ക്ക് തുടക്കം. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ 1 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 55 കുടുംബങ്ങൾക്ക് മൺ ചട്ടികളും, പോട്ടിങ്ങ് മിക്സ്ചറായ മണ്ണ്, ചകിരി ചോറ്, വളം എന്നിവയും വെണ്ട, വഴുതന, തക്കാളി, മുളക് എന്നിവയുടെ തൈകളും വിതരണം ചെയ്തു. കാര്‍ഷിക കര്‍മ്മ സേനയിലെ 15 അംഗങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്.