കുടുംബശ്രീയുമായി സഹകരിച്ച് സഹകരണ വകുപ്പ് നടപ്പാക്കുന്ന മുറ്റത്തെ മുല്ല വായ്പ പദ്ധതിയുടെ തിരിച്ചടവിന് കുടുംബശ്രീ പ്രവർത്തകർക്ക് സഹകരണ, രജിസ്‌ട്രേഷന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവന്റെ 100 മാർക്ക്. കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ രജതജൂബിലി ആഘോഷവും സിഡിഎസ് വാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേയാണ് സഹകരണ-സാംസ്‌കാരികവകുപ്പ് മന്ത്രി വി.എൻ വാസവന്റെ അഭിനന്ദനം. സംസ്ഥാനത്താകെ 2150 കോടി രൂപയാണ് മുറ്റത്തെ മുല്ല പദ്ധതിയിൽ കുടുംബശ്രീയ്ക്ക് വായ്പ നൽകിയത്. ഓരോ കുടുംബശ്രീ അംഗത്തിനും 50,000 രൂപ എന്ന കണക്കിൽ യൂണിറ്റിന് 10 ലക്ഷം രൂപയാണ് വായ്പ നൽകുന്നത്.
പദ്ധതിക്കിപ്പോൾ 99 ശതമാനം തിരിച്ചടവുള്ളതായി മന്ത്രി പറഞ്ഞു. ബ്ലേഡ് കമ്പനികളിൽ സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ചുരുങ്ങിയ പലിശ ഈടാക്കി നടപ്പാക്കുന്ന പദ്ധതി ഇനിയും തുടരുമെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിലെ എല്ലാ പൊതുവികസന പ്രശ്നങ്ങളിലും കുടുംബശ്രീ നടത്തുന്ന പ്രവർത്തനം ഏറെ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് പി.പി.ഇ കിറ്റ്, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയവ നിർമിച്ചും സമൂഹ അടുക്കളകൾ വഴിയും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളായി.
സാമൂഹിക-സാംസ്‌കാരിക മുന്നേറ്റത്തിൽ കുടുംബശ്രീയുടെ പങ്ക്
10 രൂപയ്ക്കും 20 രൂപയ്ക്കും ഭക്ഷണം നൽകി പട്ടിണി അകറ്റുന്നതിനും പാവങ്ങളെ സംരക്ഷിക്കുന്നതിനും കുടുംബങ്ങളെ ഉയർത്തുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുൾപ്പെടെ പലവിധത്തിലുള്ള സാമൂഹിക-സാംസ്‌കാരിക മുന്നേറ്റത്തിന് കുടംബശ്രീ സാഹചര്യമുണ്ടാക്കുന്ന ഏറ്റവും വലിയ സ്ത്രീശാക്തീകരണ കൂട്ടായ്മയാണ് കുടുംബശ്രീയെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം കറുകച്ചാൽ ശ്രീനികേതൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൗരാവകാശ രേഖയുടെ പ്രകാശനവും ആശാപ്രവർത്തകർക്കുള്ള ആദരവും മന്ത്രി നിർവഹിച്ചു. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ജോളി വാസു റിപ്പോർട്ട് അവതരിപ്പിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ, ക്ഷീര പദ്ധതികൾ പരിഷ്കരിക്കുന്നതിന് 54,618 കോടി രൂപയുടെ പ്രത്യേക കന്നുകാലി പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം
ചലച്ചിത്ര നടിയും സാംസ്‌കാരിക പ്രവർത്തകയുമായ ഗായത്രി വർഷ മുഖ്യപ്രഭാഷണം നൽകി. കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകർ ആമുഖസന്ദേശം നൽകി. കുടുംബശ്രീ യൂണിറ്റുകൾക്ക് പഞ്ചായത്ത് നൽകുന്ന റിവോൾവിംഗ് ഫണ്ട് (16 ലക്ഷം രൂപ) വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണിയിൽ നിന്നും സി.ഡി.എസ്. ചെയർപേഴ്സൺ ജോളി വാസു ഏറ്റുവാങ്ങി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ എൻ.എസ്.എസ്. ഗേൾസ് ഹൈസ്‌കൂൾ, എൻ.എസ്.എസ്. ബോയ്സ് ഹൈസ്‌കൂൾ, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ , നെടുങ്ങാടപ്പള്ളി സി.എം.എസ്. ഹൈസ്‌കൂൾ എന്നീ സ്‌കൂളുകളെ ആദരിച്ചു.
ഹരിത കർമസേനാംഗങ്ങൾക്ക് യൂണിഫോം
ഹരിത കർമസേനാംഗങ്ങൾക്കുള്ള യൂണിഫോം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ വിതരണം ചെയ്തു. കുടുംബശ്രീ യൂണിറ്റുകൾക്കുള്ള ഓക്സിലറി ഗ്രൂപ്പ് സർട്ടിഫിക്കറ്റ്, ആശ്രയ കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണ വിതരണം, കറുകച്ചാലിന്റെ കാൽപന്തുകളിക്കാരി ദിവ്യ വിനോദിനും പാലിയേറ്റീവ് നഴ്സ് എസ്. ആശയ്ക്ക് ആദരം എന്നിവയും ചടങ്ങിൽ നൽകി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ കറുകച്ചാൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ആരംഭിച്ച റാലിയിൽ 1500 കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു. മികച്ച റാലി സംഘടിപ്പിച്ച വാർഡുകൾക്ക് സമ്മാനം നൽകി.
കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ, വൈസ് പ്രസിഡന്റ് സജി നീലത്തുംമുക്കിൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ലതാ ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. ജയപ്രസാദ്, ഗീതാമണി രാജേന്ദ്രൻ, ഷീലാ പ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.