1. ഇനിമുതൽ നെൽക്കൃഷിയ്ക്കും തൊഴിലുറപ്പ് തൊഴിലാളികളെത്തും. നെൽകൃഷിക്ക് അനുകൂലമായി തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി ക്രമീകരിക്കാൻ മന്ത്രി കെ രാധാകൃഷ്ണൻ ഉത്തരവ് നൽകി. തൊഴിലാളി ക്ഷാമം മൂലം കണ്ണൂരിലെ പായം പഞ്ചായത്തിൽ വയലുകൾ തരിശിടുകയാണെന്ന് ഇരിട്ടി താലൂക്ക്തല അദാലത്തിൽ ലഭിച്ച പരാതിയെ തുടർന്നാണ് മന്ത്രിയുടെ ഉത്തരവ്. പായം സ്വദേശിയും കർഷകനുമായ ഉണ്ണികൃഷ്ണനാണ് ഇക്കാര്യം അദാലത്തിൽ ആവശ്യപ്പെട്ടത്. തൊഴിലാളികളെ ലഭിക്കാത്തതിനാൽ പഞ്ചായത്തിലെ 9, 10 വാർഡുകളിൽ നെൽവയൽ തരിശായി കിടക്കുകയാണെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു.
2. ക്ഷീരകർഷകർക്ക് സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം ലഭ്യമാക്കി വയനാട് ജില്ലയിലെ പനമരം ബ്ലോക്ക് പഞ്ചായത്ത്. ഈ മാസം 15ന് ആരംഭിച്ച പരിപാടി 20 വരെ തുടരും. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് സേവനം പ്രയോജനപ്പെടുത്താം. ക്ഷീരസംഘങ്ങള്‍ മുഖേനയോ ഡോക്ടറുമായി നേരിട്ടോ കർഷർക്ക് ബന്ധപ്പെടാം. ഫോണ്‍: 9074583866.
കൂടുതൽ വാർത്തകൾ: തൊഴിലുറപ്പ് തൊഴിലാളികൾക്കും ക്ഷേമനിധി; പ്രാബല്യത്തിൽ..കൂടുതൽ വാർത്തകൾ
3. മൃഗങ്ങൾക്ക് ആധുനിക ചികിത്സാ സൗകര്യങ്ങളൊരുക്കി കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രം. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. അരുമ മൃഗങ്ങളുടെ ജീവനും പ്രധാന്യമുണ്ടെന്നും ലഭ്യമായ എല്ലാ ആധുനിക ചികിത്സാ സൗകര്യങ്ങളും അവയ്ക്ക് ഏർപ്പെടുത്തുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
4. നഗരപ്രദേശങ്ങളിൽ അടുക്കളത്തോട്ടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ലിവിംഗ് ഗ്രീൻസ് ഓർഗാനിക്‌സ് പ്രൈവറ്റ് ലിമിറ്റഡും കൃഷി ജാഗരണും കൈകോർത്തു. ലിവിംഗ് ഗ്രീൻസ് സ്ഥാപകനും സിഇഒയുമായ പ്രതീക് തിവാരി, കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക് എന്നിവർ ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു. നഗരപ്രദേശങ്ങളിലെ ടെറസുകൾ, ബാൽക്കണി തുടങ്ങി പരിമിതമായ സ്ഥലങ്ങളിൽ കൃഷി ചെയ്യാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അർബൻ ഓർഗാനിക് ഫാമിംഗ് കമ്പനിയാണ് ലിവിംഗ് ഗ്രീൻസ്.
5. കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 10 ജില്ലകളിൽ നേരിയ മഴ പെയ്യും. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതേസമയം കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.