കേരളത്തിലെ മണ്ണൊലിപ്പിനും മലയിടിച്ചിലിനും മികച്ച പരിഹാരമാണ് മിയാവാക്കി രീതിയിലുള്ള വനവത്കരണമെന്ന് ജപ്പാനിലെ യോക്കോഹാ നാഷണൽ യണിവേഴ്സിറ്റിയിലെ പ്രൊഫസറും അകിര മിയാവാക്കിയുടെ സഹപ്രവർത്തകയുമായ ഫ്രൊഫ. (ഡോ.) കാസൂ ഫൂജിവാര പറഞ്ഞു. കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിലെ ബോട്ടണി ഡിപ്പാർട്ട്മെന്റും, നാച്യുറൽ ഗ്രീൻ ഗാർഡിയൻസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിൽ സംസാരിയ്ക്കുകയായിരുന്നു ഫുജിവാര.
നഗരപ്രദേശങ്ങളിൽ ചെറു വനങ്ങൾ വച്ച് പിടിപ്പിയ്ക്കാനാണ് നാം കൂടുതൽ ശ്രദ്ധിയ്ക്കേണ്ടത്. അതിന് മിയാവാക്കി മാതൃക വളരെ അനുയോജ്യമാണ്. കേരളം നേരിടുന്ന മലയിടിച്ചിലും വന നശീകരണവും ഒരു പരിധിവരെ ഇതുവഴി പരിഹരിയ്ക്കാനാവും. നാട്ടിലെ തനത് ചെടികൾ വളർത്തുന്നതിനുള്ള പ്രാധാന്യം വിസ്മരിയ്ക്കാൻ പാടില്ല. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ മിയാവാക്കി മാതൃകയിൽ വനവത്കരണം നടത്തിയതിന്റെ അനുഭവവും ഫലങ്ങളും കാടുകളുടെ ഇന്നത്തെ മികച്ച അവസ്ഥയും ഫുജിവാര വിശദീകരിച്ചു.
കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള ആധുനിക ജനതയുടെ പോരാട്ടമാവണം ഈ വനവത്കരണ മാതൃക എന്ന് ഫിലോസഫി ഓഫ് ദി മിയാവാക്കി മെത്തേഡ് ഇൻ ഗ്ലോബൽ ഇക്കോളജിക്കൽ പ്രസ്പെക്ടീവ് എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് അമേരിക്കയിലെ ജോർജിയ യൂണിവേഴ്സ്റ്റിയിലെ പ്രൊഫ. ഡോ. എൾജീൻ ബോക്സ് അഭിപ്രായപ്പെട്ടു.