തിരുവനന്തപുരം: കനകക്കുന്നിലെ എന്റെ കേരളം മെഗാമേളയിലെത്തുന്നവരെ കാത്ത് സാമൂഹിക നീതിവകുപ്പിന്റെ കീഴില്‍ ജില്ലയിലെ വിവിധ ഭിന്നശേഷി സ്‌കൂളുകളിലേയും സൈക്കോ സോഷ്യല്‍ സ്ഥാപനങ്ങളിലേയും ഭിന്നശേഷിക്കാരായ വ്യക്തികളും വിദ്യാര്‍ഥികളും നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടേയും ഭക്ഷ്യ ഉത്പ്പന്നങ്ങളുടേയും പ്രദര്‍ശന വിപണന മേള.
കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വാങ്ങാമെന്നുമാത്രമല്ല അതിലൂടെ ലഭിക്കുന്ന പണം കൊണ്ട് ഭിന്നശേഷി വിദ്യാര്‍ഥികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ ചെലവിലേക്കുള്ള തുക കണ്ടെത്തുകയും ചെയ്യാമെന്ന ലക്ഷ്യം ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്.
തുണിത്തരങ്ങള്‍, മെഴുകുതിരി, വിവിധതരം കരകൗശല വസ്തുക്കള്‍, ടെറേറിയം, ചവിട്ടികള്‍, ഹെയര്‍ ക്‌ളിപ്പുകള്‍, ഹെയര്‍ ബാന്‍ഡുകള്‍, കേക്ക്, അച്ചാറുകള്‍, ചക്ക ചിപ്‌സ്, നെല്ലിക്ക ഉപ്പിലിട്ടത്, തുകല്‍ കൊണ്ടുണ്ടാക്കിയ ബുക്ക്, മാല, കമ്മല്‍ തുടങ്ങി വിവിധ തരം ഉത്പ്പന്നങ്ങളാണ് സ്റ്റാളില്‍ വില്‍ക്കുന്നത്. സ്‌കൂളില്‍ നിന്നും ലഭിച്ച പരിശീലനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. 40 രൂപ മുതല്‍ 150 രൂപ വരെയാണ് കരകൗശല വസ്തുക്കളുടെ വില. 100 രൂപക്ക് ചവിട്ടി വാങ്ങാം. 10 രൂപ മുതല്‍ ആരംഭിക്കുന്ന ഹെയര്‍ ബാന്‍ഡുകള്‍ക്ക് വൈവിധ്യമാര്‍ന്ന കളക്ഷനുകളും ലഭ്യമാണ്.
വിപണനത്തിലൂടെ സമാഹരിക്കുന്ന പണം അതത് വിദ്യാലയങ്ങളിലെ കുട്ടികളുടെ കൂട്ടായ ആവശ്യങ്ങള്‍ക്കും പഠനപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കും. സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണെങ്കിലും വിപണന സ്റ്റാളിലെ പ്രദര്‍ശനം കാണുന്നവര്‍ക്ക് അതിശയം തോന്നുന്ന വിധം മനോഹരമായാണ് ഓരോ ഉത്പ്പന്നങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. ധാരാളം പേരാണ് ഇതിനോടകം സ്റ്റാളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങിയത്.