കൊല്ലം: മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിൽ കാലാനുസൃത മാറ്റത്തിന്റെ ഭാഗമായി ആധുനികവത്ക്കരണം നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കടയ്ക്കല്‍ ചാണപ്പാറയിലെ സാര്‍ഗദായിനി സ്മാരക വായനശാലയില്‍ ആരംഭിക്കുന്ന ആദ്യത്തെ പ്രാദേശിക മൃഗസംരക്ഷണ സംരംഭകത്വം വികസന പരിശീലന കേന്ദ്രം (സമന്വയം സെന്റര്‍) മന്ത്രി ഉദ്ഘാടനം ചെയ്തു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ ലൈവ്‌ലിഫുഡ് ഇന്റര്‍വെന്‍ഷന്‍ ഫെസിലിറ്റേഷന്‍ എന്‍ക്ലെവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
കൂടുതൽ വാർത്തകൾ: സ്മാര്‍ട്ട് കൃഷിഭവനുകളിലൂടെ കർഷകർക്ക് ഇനി ഓൺലൈൻ സേവനങ്ങള്‍ ലഭിക്കും
പദ്ധതിയെക്കുറിച്ച്..
സര്‍വകലാശാല വഴി വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുമായി ചേര്‍ന്ന് കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാകുന്ന രീതിയില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കര്‍ഷകര്‍ക്ക് അറിവ് പകരാനും ജീവിത നിലവാരം ഉയര്‍ത്താനും പദ്ധതിയ്ക്ക് സാധിക്കും. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനവും ബോധവത്ക്കരണവും ശാസ്ത്രീയമായ രീതിയില്‍ നല്‍കും.
മന്ത്രിയുടെ വാക്കുകൾ..
യുവജനങ്ങള്‍ക്ക് ഉള്‍പ്പെടെ സംരംഭകത്വ നൈപുണ്യം വളര്‍ത്തിയെടുക്കാന്‍ സഹായങ്ങള്‍ ഉറപ്പാക്കും. തെക്കന്‍ മേഖലയില്‍ വെറ്ററിനറി സര്‍വകലാശാല ആരംഭിക്കാനുള്ള പദ്ധതി ആലോചനയിലാണ്. പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കേരളം. ഗുണമേന്മയുള്ള പാല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. തെരുവുനായശല്യം പരിഹരിക്കുന്നതിന് വന്ധ്യംകരണം നടത്താന്‍ മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനങ്ങള്‍ വിട്ടു നല്‍കിയിട്ടുണ്ട്. പേവിഷബാധ നിര്‍മാര്‍ജനമാണ് ലക്ഷ്യം. വളര്‍ത്തുനായകള്‍ക്ക് വാക്‌സിന്‍ സമയബന്ധിതമായി നല്‍കണമെന്ന് മന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രചരിപ്പിക്കുക, കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കുക, പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരം നിര്‍ദേശിക്കുക, കാര്‍ഷിക പരീക്ഷണങ്ങള്‍ സംഘടിപ്പിക്കുക, പുതിയ കണ്ടെത്തലുകള്‍ പങ്കുവയ്ക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സെന്റര്‍ സ്ഥാപിക്കുന്നത്.
കടയ്ക്കല്‍ ചാണാപ്പാറ സാര്‍ഗദായിനി സ്മാരക വായനശാലയില്‍ നടന്ന പരിപാടിയില്‍ വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എം ആര്‍ ശശീന്ദ്രനാഥ് അധ്യക്ഷനായി. സമന്വയം സെന്റര്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എ കൗശികനും, ലൈബ്രറി കോര്‍ണര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരനും ഉദ്ഘാടനം ചെയ്തു.