1. കർഷകർക്കായി സംഘടിപ്പിക്കുന്ന 'പിഎം കിസാൻ സമ്മാൻ സമ്മേളനം 2022'ന് (PM Kisan Samman Sammelan 2022) ഡൽഹിയിൽ തുടക്കം. IARI പൂസയിലെ മേള ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പിഎം കിസാൻ (PM Kisan Samman Nidhi Yojana) ഗുണഭോക്താക്കൾക്കുള്ള പന്ത്രണ്ടാം ഗഡുവിന്റെ വിതരണവും പ്രധാനമന്ത്രി നിർവഹിച്ചു. കർഷകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഗവേഷകർ തുടങ്ങിയവരെ പ്രോത്സാഹിപ്പിക്കുകയാണ് ദ്വിദിന പരിപാടിയുടെ ലക്ഷ്യം. രാജ്യത്തുടനീളമുള്ള 13,500 കർഷകരും 1500 അഗ്രി-സ്റ്റാർട്ടപ്പുകളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തൊമാർ, കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan New Update: ഫണ്ട് ദീപാവലിക്ക് മുമ്പ് കർഷകർക്ക് ലഭിക്കും
2. കൃഷി ഉന്നതി സമ്മേളൻ 2022ന് ഒഡിഷയിൽ തുടക്കം. സെഞ്ചൂറിയൻ യൂണിവേഴ്‌സിറ്റിയിലെ എംഎസ് സ്വാമിനാഥൻ സ്‌കൂൾ ഓഫ് അഗ്രികൾച്ചറുമായി ചേർന്നാണ് കൃഷി ജാഗരൺ പരിപാടിയ്ക്ക് നേതൃത്വം നൽകുന്നത്. കർഷകർ, കാർഷിക വിദഗ്ധർ, കാർഷിക വ്യവസായികൾ തുടങ്ങിയവർ ഒന്നിക്കുന്ന വേദിയാണ് കൃഷി ഉന്നതി സമ്മേളൻ 2022. ഒഡിഷ ന്യൂനപക്ഷക്ഷേമ മന്ത്രി ജഗന്നാഥ് സരഗ, റായ്ഗഡ എംഎൽഎ മകരന്ദ മുദിലി എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളായി. കാർഷിക സംഘടനകളെയും പരമ്പരാഗത രീതികളെയും പ്രോത്സാഹിപ്പിക്കുന്നതിനായി 'Explore the Unexplored' എന്ന വിഷയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
3. ഹാർബറുകൾ നവീകരിച്ചും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയും മത്സ്യബന്ധന മേഖല ആധുനികവൽക്കരിക്കുമെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാൻ. താനൂർ ഉണ്ണിയാലിൽ മത്സ്യത്തൊഴിലാളികൾക്കുള്ള പാർപ്പിട സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം അദ്ദേഹം നിർവഹിച്ചു. പുനർഗേഹം പദ്ധതി വഴി 16 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സാധിക്കുന്ന നാല് കെട്ടിട സമുച്ചയങ്ങളാണ് ഉണ്ണിയാലിൽ ഒരുങ്ങുന്നത്. നിർമാണത്തിന് 199 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു വർഷത്തിനകം പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസത്തിനായാണ് കേരള സർക്കാർ 2,450 കോടി രൂപയുടെ പുനർഗേഹം പദ്ധതി ആവിഷ്‌കരിച്ചത്. രൂക്ഷമായ കടലാക്രമണ ഭീഷണിയുള്ള സ്ഥലങ്ങളിൽ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളേയും സുരക്ഷിത മേഖലയിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
4. ഓപ്പറേഷന്‍ യെല്ലോ പദ്ധതി വഴി അനധികൃതമായി സൂക്ഷിച്ച റേഷന്‍ അരിയും മുന്‍ഗണനാ കാര്‍ഡുകളും പിടിച്ചെടുത്തു. ആലപ്പുഴ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് 500 കിലോഗ്രാം സൗജന്യ റേഷന്‍ അരി പിടിച്ചെടുത്തത്. ജില്ല കളക്ടറുടെ നിര്‍ദേശപ്രകാരം പിടിച്ചെടുത്ത അരി, ഹരിപ്പാട് സപ്ലൈക്കോ ഗോഡൗണിലേക്ക് മാറ്റി. ഓപ്പറേഷന്‍ യെല്ലോ വഴി കാര്‍ത്തികപ്പള്ളി താലൂക്കിലെ 322 വീടുകളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി കൈവശം വെച്ചിരുന്ന 117 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി.
5. കൃഷിവകുപ്പ് നടപ്പാക്കുന്ന 'കേരഗ്രാമം' പദ്ധതിയിൽ മാറാക്കര ഗ്രാമപഞ്ചായത്തിനെ ഉൾപ്പെടുത്തി. കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നിന്നും ഒന്നാംവർഷ കേരഗ്രാമങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന അഞ്ചാമത്തെ ഗ്രാമപഞ്ചായത്താണ് മാറാക്കര. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതത് പ്രദേശത്തിന് അനുയോജ്യമായ തെങ്ങുകൃഷി പരിപാലനത്തിനുള്ള വിവിധ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന വിഹിതമായി 25.67 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ലഭിക്കുന്നത്.
6. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ചോക്ലേറ്റ് നിർമാണ പരിശീലനം സംഘടിപ്പിച്ചു. കൊക്കോ ഉൽപാദക സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം നടന്നത്. കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും, ആത്മ കോട്ടയത്തിന്റെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് മണിമല കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ കറിക്കാട്ടൂർ Tranquil farms resortലാണ് പരിപാടി നടന്നത്.
7. കൊല്ലം കല്ലുവാതുക്കൽ കൃഷിഭവനിൽ ന്യൂജനറേഷൻ പെസ്റ്റിസൈഡ് എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചു. റിട്ടേർഡ് കൃഷി ഓഫീസർ ജയരാജ് ക്ലാസുകൾ എടുത്തു. കൃഷി ഓഫീസർ സാലിഹയുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ 30ഓളം കർഷകർ പങ്കെടുത്തു.
8. എറണാകുളം ജില്ലയിലെ പെരുമാനി പാടശേഖരത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. വെങ്ങോല സഹകരണ ബാങ്കിൻ്റെ സഹകരണത്തോടെ കർഷകസംഘം പ്രവർത്തകരാണ് വിളവെടുപ്പ് നടത്തിയത്. ബാങ്ക് പ്രസിഡൻ്റ് എം.ഐ ബീരാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജ്യോതി വിത്ത് ഉപയോഗിച്ച് ഒരേക്കറിലാണ് രണ്ടാം വട്ട കൃഷി നടത്തിയത്.
9. കൃഷിദർശൻ പദ്ധതിയുടെ ഭാഗമായി പുത്തൂരിൽ പഞ്ചായത്തുതല സംഘാടക സമിതി രൂപികരിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരോട് സംവദിക്കുന്ന പദ്ധതിയാണിത്. പുത്തൂർ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് കൃഷിദർശൻ സംഘടിപ്പിക്കുന്നത്. ഈ മാസം 25 മുതൽ 29 വരെ കൃഷിമന്ത്രി കർഷകരുമായി നേരിട്ട് സംസാരിക്കും. കാർഷിക അദാലത്ത്, സംവാദം, വിള സന്ദർശനം, കർഷക ഭവന സന്ദർശനം തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടക്കും.
10. കേരളത്തിൽ ഈ മാസം 19 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടതു മൂലമാണ് മഴ ശക്തമാകുന്നത്.