പലപ്പോഴും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ തടസ്സം നേരിടാറില്ലേ? പണം പിൻവലിക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടു പോയാലും നമ്മുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു എന്ന സന്ദേശം ഫോൺ നമ്പറിലേക്ക് വരുന്നു. ഇത്തരം സന്ദർഭങ്ങളിൽ പണം നഷ്ടമായോ എന്ന് പലരും വളരെ ഭയപ്പെടാറുണ്ട്. ഈ സാഹചര്യം വന്നാൽ എന്ത് ചെയ്യണമെന്നത് നിങ്ങൾക്കും നിശ്ചയമുണ്ടായിരിക്കില്ല.
വർഷം തോറും ഒരു ലക്ഷത്തിൽ കൂടുതൽ പരാതികളാണ് ഇത്തരത്തിൽ അധികൃതർക്ക് ലഭിക്കുന്നത്. ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടാൽ ഇതിന് പരിഹാരമുണ്ടാകുമോ എന്നതിലും പലർക്കും ആശങ്കയുണ്ട്. ഇത്തരത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ടെങ്കിലും, അതിനെ ഭയക്കേണ്ടതില്ലെന്നാണ് ആർബിഐയുടെ റിപ്പോർട്ടിൽ പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ : ഐസിഐസിഐ ബാങ്ക് ഉപഭോക്താവോ? ഡെബിറ്റ് കാർഡില്ലാതെ പണം പിൻവലിക്കാം; എങ്ങനെയെന്നത് ഇതാ
നിങ്ങൾ പണം പിൻവലിക്കുന്ന എടിഎം, ബാങ്ക് അക്കൗണ്ടിന്റെ എടിഎം തന്നെയാണെങ്കിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. അതായത്, കുറഞ്ഞ സമയത്തിനുള്ളിൽ ബുദ്ധിമുട്ട് പരിഹരിക്കാൻ സാധിക്കും. ബാങ്കിന്റെ എടിഎമ്മിലല്ല എങ്കിലും കുറച്ച് സമയത്തിനുള്ളിൽ പരിഹാരം കാണാം. കുറച്ച് സമയത്തിനുള്ളിൽ ഇത്തരത്തിലുള്ള തടസ്സങ്ങൾ മാറ്റാനാകും. ഇതിന് എങ്ങനെ പരിഹാരം കണ്ടെത്താം എന്നതാണ് ചുവടെ വിവരിക്കുന്നത്.
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഇത്തരത്തിൽ തടസ്സമുണ്ടാകുന്നുവെങ്കിൽ അതാത് ബാങ്കിനെ വിവരം അറിയിക്കുക. ഇമെയിൽ വഴിയോ ടോൾ ഫ്രീ നമ്പർ വഴിയോ പ്രശ്നം ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപെടുത്താവുന്നതാണ്.
പണമിടപാടിൽ ഇത്തരം തടസ്സങ്ങൾ ഉണ്ടാകുമ്പോൾ എടിഎമിൽ നിന്നും ഇടപാട് നടത്തിയ സ്ലിപ് കൈവശം കരുതുക. ഇത് പിന്നീട് ഉപകാരമാകും. എന്നാൽ പണം എപ്പോൾ തിരികെ അക്കൗണ്ടിൽ ലഭിക്കുമെന്നതിലായിരിക്കും നിങ്ങൾക്ക് സംശയം. പൊതുവെ ബാങ്ക് അധികൃതർക്ക് പരാതി ലഭിച്ചുകഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ പണം അക്കൗണ്ടിൽ എത്താറുണ്ട്. എന്നാൽ ആർബിഐ നിയമ പ്രകാരം ഏഴ് പ്രവർത്തി ദിവസത്തിന് ശേഷമായിരിക്കും പണം ക്രെഡിറ്റ് ചെയ്യപ്പെടുന്നത്. എന്നാൽ ഇതിലും കാലതാമസം ഉണ്ടായാൽ ചില പരിഹാരങ്ങളുണ്ട്.
ഉപഭോക്താവിന് 100 രൂപ വീതം നഷ്ടപരിഹാരവും
ഇത്തരത്തിൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം തിരിച്ചു കയറുന്നതിൽ താമസമുണ്ടായാൽ ആർബിഐയുടെ നിയമപ്രകാരം ദിവസവും 100 രൂപ നഷ്ടപരിഹാരം നൽകണം. ഇതിനുള്ള നഷ്ടപരിഹാരത്തിന് പ്രത്യേക അപേക്ഷ നൽകേണ്ടതില്ലെന്നും പറയുന്നു. ആർബിഐ(RBI)യുടെ നിയമ പുസ്തകത്തിൽ ഇതിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമാണ്.
നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായാൽ മുപ്പത് ദിവസത്തിനുള്ളിൽ ഉപഭോക്താവ് പരാതി നൽകണം. ഇതിന് ശേഷവും ബാങ്കിൽ നിന്ന് നഷ്ടപരിഹാരമോ പ്രതികരണമോ ലഭിച്ചില്ലെങ്കിൽ ഓംബുഡ്സ്മാനെ സമീപിക്കുക.
അതേ സമയം, എടിഎം വഴിയുള്ള തട്ടിപ്പുകൾ തടയാൻ രാജ്യത്തെ ഏറ്റവും പ്രമുഖ ബാങ്കായ എസ്ബിഐ ചില പുതിയ നടപടികൾ കൊണ്ടുവന്നിരിക്കുകയാണ്. അതായത്, 10,000 രൂപയിൽ കൂടുതൽ തുക പിൻവലിക്കുന്ന വേളയിൽ ഉപഭോക്താവ് ഇടപാട് നടത്തുമ്പോൾ ഡെബിറ്റ് കാർഡ് പിൻ നമ്പറിന് പുറമെ ഒടിപിയും നൽകണമെന്നാണ് വ്യവസ്ഥ. അതിനാൽ ഇനി പണം പിൻവലിക്കുമ്പോൾ എടിഎമ്മിനുള്ളിൽ മൊബൈൽ ഫോണും കരുതണം.